
നിരവധി പുരസ്കാരങ്ങൾ സമ്മാനിച്ച 'മാമാ ആഫ്രിക്ക'യിലൂടെ ടി.ഡി. രാമകൃഷ്ണന്റെ
യാത്ര...
അടുത്തിടെ പ്രഖ്യാപിച്ച 2021ലെ ഒ. വി. വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങളിൽ നോവലിനുള്ളത് ടി. ഡി. രാമകൃഷ്ണന്റെ 'മാമാ ആഫ്രിക്ക" നേടിയതിനെക്കുറിച്ച് ഗ്രന്ഥകാരന്റെ പ്രതികരണം, ഗുരുസ്ഥാനീയന്റെ നാമത്തിലുള്ള അവാർഡ് നേടിയതിലുള്ള സന്തോഷം അതിരറ്റതാണെന്നാണ്! ''വിശാലമായിക്കിടക്കുന്ന നെൽപ്പാടങ്ങളും, ഇടയ്ക്കിടെ ഉയരത്തിൽ വളർന്നു നിൽക്കുന്ന കരിമ്പനകളുമുള്ള പാലക്കാടൻ ഗ്രാമഭൂമിക വിജയന്റേതു പോലെ എന്റെയും തട്ടകമാണ്. ഇക്കാരണത്താലാണ് ഈ ബഹുമതിയ്ക്ക് ഇരട്ടി മധുരം."" ഇതിനുമുമ്പ് വയലാർ അവാർഡ് ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സാഹിത്യകാരൻ തനിക്ക് പുരസ്കാരവുമായെത്തിയ 'മാമാ ആഫ്രിക്ക"യുടെ ഉദാത്ത തലങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
പഠിക്കപ്പെടേണ്ട പുസ്തകം
'മാമാ ആഫ്രിക്ക" ആഴത്തിൽ പഠിക്കപ്പെടേണ്ട പുസ്തകമാണ്. നിരവധി അടരുകളാണതിന്. കഥയിലെ പ്രധാന കഥാപാത്രം തന്റെ അനുഭവങ്ങളും, താനെഴുതിയ രചനകളും, നൽകിയ അഭിമുഖങ്ങളും വായനക്കാരുമായി പങ്കിടുന്നതാണ് നോവലിന്റെ ആഖ്യാന രീതി. എന്റെ മറ്റു നോവലുകളായ 'ആൽഫ"യിലും, 'ഫ്രാൻസിസ് ഇട്ടിക്കോര" യിലും, 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" യിലുമൊന്നും ഇല്ലാത്തൊരു എഴുത്തു രീതിയാണിത്. 2019ൽ പ്രസിദ്ധീകരിച്ച പുസ്തകം അത് അർഹിക്കുന്ന വ്യാപ്തിയിൽ ഇതുവരെയും വായിക്കപ്പെട്ടിട്ടില്ലെങ്കിലും, നല്ല ഫീഡ്ബാക്കുകളാണ് ഈയ്യിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ പുസ്തകം പരക്കെ വായിച്ചു തുടങ്ങിയിട്ടുണ്ട്. മഹാമാരി നോവലിന്റെ റീച്ചിനെ ബാധിച്ചു. എന്നാൽ, ഒ. വി. വിജയൻ സ്മാരക പുരസ്കാരം പുസ്തകത്തിന് പുതിയൊരു ഉണർവ് നൽകുമെന്നു കരുതുന്നു.

നോവലിനാധാരം പഴയൊരു അനുഭവം
കോളേജിൽ പഠിക്കുന്ന കാലത്ത്, തൂലികാ സൗഹൃദത്തിന് താത്പര്യമുള്ളവർക്കൊക്കെ കത്തെഴുതുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. മിക്കവാറും മറുപടികളൊന്നും കിട്ടാറില്ല. എന്നാൽ, എന്നെ വിസ്മയിപ്പിച്ചുകൊണ്ട് ഒരിക്കൽ ഒരു മറുപടി വന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ മെക്കാരെരെ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ. മലയാളത്തിൽ. ഒന്നാം തരം കയ്യക്ഷരം! വല്ലാതെ ഇഷ്ടം തോന്നി. ഇംഗ്ലീഷിലൊന്നും എഴുതി ബുദ്ധിമുട്ടേണ്ട, മലയാളത്തിൽതന്നെ എഴുതിയാൽമതിയെന്നൊക്ക പറഞ്ഞ്... അന്നെനിക്ക് 19 വയസ്സാണ്.
ഇത്രയും ദൂരത്തുനിന്ന് ഒരു പെൺകുട്ടിയുടെ കത്ത്, അതും മലയാളത്തിൽ! ആ കുട്ടിയും, ആ കുട്ടി എഴുതിയ കത്തിലെ കാര്യങ്ങളും എന്റെ മനസ്സിൽ എന്തൊക്കെയോ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. 'മാമ ആഫ്രിക്ക" യിൽ പല കത്തുകളെക്കുറിച്ചു പറയുന്നതെല്ലാം സങ്കൽപ്പമാണ്. എനിക്ക് ആകെ ഒരു കത്തു മാത്രമേ ലഭിച്ചിട്ടുള്ളൂ. ആ കത്തെഴുതിയ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാൻ പ്രതിഷ്ഠിച്ച നായികയാണ് 'മാമ ആഫ്രിക്ക" യിലെ ഇൻഡോ ഉഗാണ്ടൻ എഴുത്തുകാരി താരാ വിശ്വനാഥ്. ആ കത്തും, അൽപ്പം ചരിത്രവും, ഭാവനകളും ചേർന്നപ്പോഴാണ് നോവൽ പിറവികൊണ്ടത്.
കഥ പറച്ചിലിന്റെ ക്രാഫ്റ്റ്
താരയുടെ രചനകളിലൂടെയാണ് പുസ്തകത്തിലെ സംഭവങ്ങൾ കഥനം ചെയ്യപ്പെടുന്നത്. കഥ പറച്ചിലിന്റെ ക്രാഫ്റ്റ് അതാണ്. എന്റെ കഥകളിൽ സങ്കൽപ്പങ്ങളും മിത്തുകളും പുരാവൃത്തങ്ങളും യാഥാർത്ഥ്യങ്ങളും ചരിത്രങ്ങളും ഇടകലർന്നുവരുന്നതും അവയെ വേർതിരിച്ചറിയാൻ വായനക്കാരനു കഴിയാത്തൊരവസ്ഥ ഉണ്ടാവുന്നതും മനപ്പൂർവ്വമല്ല. എല്ലാം അങ്ങനെ സംഭവിച്ചു പോകുന്നതാണ്! എഴുതാൻ ആരംഭിച്ചാൽ കഥയുടെ ഗതി സർഗ നിർഗമനമനുസരിച്ചാണ്! വായനക്കാരെ വായിക്കാൻ പ്രേരിപ്പിക്കണമെന്നതൊഴിച്ചാൽ, ഫിക്ഷൻ രചനയിൽ എനിക്കു മറ്റു അനുഭാവങ്ങളോ, ഉപാധികളോയില്ല.
'മാമ ആഫ്രിക്ക' ദൈവസങ്കൽപം
'മാമ ആഫ്രിക്ക" എന്നു പറയുന്നത് ആഫ്രിക്കൻ സംസ്കൃതിയിൽ ആഴത്തിൽ വേരോടിയൊരു ദൈവസങ്കൽപ്പമാണ്. ആപത്തു വരുമ്പോൾ അവരെ കാത്തുരക്ഷിക്കുന്നൊരു ദേവതയാണ് 'മാമ ആഫ്രിക്ക'. കഥയിൽ അങ്ങോളമിങ്ങോളം ഈ ദേവത വരുന്നുണ്ട്. ഒരിക്കൽ താരയെ രക്ഷിക്കുന്നുമുണ്ട്. ആഫ്രിക്കയിലെ ഒരു സ്ത്രീയിൽ നിന്നുണ്ടായ ഒരു സമുദായത്തിൽനിന്നാണ് ഭൂമുഖത്തു കാണുന്ന എല്ലാ മനുഷ്യരുടെയും ഉൽപ്പത്തിയെന്ന മറ്റൊരു ചിന്താധാരയുമുണ്ട്. നരവംശ ശാസ്ത്രജ്ഞന്മാർ (Anthropologists) കരുതുന്നത് ആദിമ മനുഷ്യന്റെ ഗൃഹം ആഫ്രിക്കൻ വൻകരയാണെന്നാണ്. മനുഷ്യന്റെ മുതുമുത്തച്ഛനായ ഹോമോ സാപ്പിയൻ (Homo Sapien) പിറവി കൊണ്ടത് രണ്ടു ലക്ഷം വർഷം മുന്നെ ആഫ്രിക്കയിലാണെന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്.
സ്വത്വം തേടുന്ന നായിക
എല്ലാം അന്യം വന്നുകൊണ്ടിരിക്കുന്നൊരു സാഹചര്യത്തിൽ, ആ തൂലികാ സുഹൃത്തിന് തന്റെ മാതൃഭാഷയോടും സംസ്കൃതിയോടും തോന്നുന്ന പ്രതിപത്തിയും, മറ്റൊരു രാജ്യത്ത് സ്വത്വവും സ്വാതന്ത്യ്രവും നിലനിർത്താനുള്ള വ്യഗ്രതയും വികസിപ്പിച്ചെടുത്തപ്പോഴാണ് 'മാമ ആഫ്രിക്ക"യുണ്ടായത്. റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ടു, ഒരു നൂറ്റാണ്ടു മുന്നെ കേരളത്തിൽനിന്നും ആഫ്രിക്കയിലേക്കു പോയി, പിന്നീടവിടെ പ്രവാസികളായി കഴിയേണ്ടിവന്നവരുടെ മൂന്നാം തലമുറയിൽ ഉള്ളവളായാണ് താര വരുന്നത്. താരയുടെ മാതൃഭാഷ കിഴക്കൻ ആഫ്രിക്കയിലെ പൊതു സംസാരഭാഷയായ സ്വഹിലിയും, പിതൃഭാഷ മലയാളവുമാണ്. അട്ടിമറി ആരോപിച്ചാണ് താരയുടെ പിതാവിനെ അവർ വധിച്ചത്. ക്രൂരനായ ഉഗാണ്ടൻ പട്ടാള ഭരണാധികാരി ഇദി അമീൻ ഉൾപ്പെയുള്ളവരുടെ ലൈംഗിക അതിക്രമങ്ങൾക്ക് നിസ്സഹായയായ താര ഇരയാകുന്നുണ്ട്.

ത്രില്ലർ സ്വഭാവവും വൈൽഡ് ഫാന്റസിയും
ഒരു യാഥാർത്ഥ്യം, മനസിൽ നിന്നു വിട്ടുപോകാത്ത ഒരനുഭവം, അല്ലെങ്കിൽ ഒരു ചരിത്ര ശകലം, എനിക്കു സ്വിമ്മിംഗ് പൂളിലെ ഡൈവിംഗ് ബോഡുപോലെയാണ്! മുന്നോട്ടു കുതിക്കാൻ മാത്രമേ അതു വേണ്ടൂ. ബോഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ, ആ ഡൈവറുടെ സഞ്ചാരപഥം അയാളുടെ പോലും നിയന്ത്രണത്തിലല്ല. എന്തൊക്കെയോ ആരാഞ്ഞ് എവിടെയൊക്കയോ എത്തുന്നു! യാഥാർത്ഥ്യമായിരുന്ന ആ ബോഡിൽ നിന്ന് അയാൾ അകന്നകന്നു പോകുന്നു. എന്റെ ഫിക്ഷൻ രചനയും ഇതുപോലെയാണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ തന്നെ വിശ്വസിക്കാത്ത കാര്യങ്ങളിലേക്കുവരെ ഊളിയിട്ടെത്താറുണ്ട്. ഒരു ഉന്മാദത്തിലാണ് എല്ലാം നടക്കുന്നത്. എന്റെ കഥകളുടെ ത്രില്ലർ സ്വഭാവത്തിനും, വൈൽഡ് ഫാന്റസിയുമുണ്ടെങ്കിൽ അതിനുമെല്ലാം ഹേതു ഇതായിരിക്കാം.
എഴുത്തുകാരൻ നിസ്സഹായനാണ്
പണ്ട്, എഴുതുന്നവന് വായനക്കാരനുമേൽ സ്വാധീനമുണ്ടായിരുന്നു. എഴുത്തിലൂടെ തന്റെ അനുവാചകനെ നേർവഴിക്കു നയിക്കുവാനും കഴിഞ്ഞിരുന്നു. ആ കാലം കഴിഞ്ഞു. പുതിയ ലോകത്ത് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അന്തരം തുലോം കുറവാണ്. എഴുത്തുകാരന് വായനക്കാരനെ ഉപദേശിക്കാനുള്ള അവകാശമില്ല. ചില കാര്യങ്ങൾ തുറന്നു പറയാം, അപലപിക്കാനാവില്ല. അവതരിപ്പിച്ച കാര്യത്തിന്റെ സ്വീകാര്യത വായനക്കാരന്റെ ഇച്ഛാനുസൃതമാണ്.
ആഗ്രഹങ്ങൾ പ്രചോദനം
മനുഷ്യന്റെ അഭിലാഷത്തിനും, ആസക്തിക്കും, സ്വാർത്ഥതക്കുപോലും സമൂഹത്തെ സംരക്ഷിച്ചു പോരുന്നതിൽ പങ്കുണ്ട്. ബുദ്ധൻ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ, ആഗ്രഹങ്ങളാണ് മനുഷ്യന് ജീവിക്കാനുള്ള പ്രചോദനം തന്നെ. തനിക്കു വലിയൊരു വീടുവേണമെന്ന മോഹം ഉള്ളതു കൊണ്ടാണ് ഗൾഫുകാരൻ ഒരു കോടി രൂപ ആ വഴിക്കു ചെലവാക്കുന്നത്. മെറ്റീരിയൽസിന് 50 ലക്ഷവും, ബാക്കി 50, തൊഴിലാളികൾക്കും കിട്ടുന്നു. അയാൾ ആ സംഖ്യ ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്തതെങ്കിൽ, ഇത്രയും തൊഴിലാളികളുടെ കുടുംബം പുലരുമായിരുന്നോ? ബുദ്ധിസത്തിന്റെ പരാജയ കാരണം മോഹമില്ലായ്മയാണ്. കമ്മ്യൂണിസം ഇപ്പോഴും നിലനിൽക്കുന്നത് സ്വകാര്യ ഉടമസ്ഥത അൽപ്പമെങ്കിലും അനുവദിച്ചതുകൊണ്ടുമാണ്.
മനുഷ്യൻ ജന്മനാ സ്വാർത്ഥനാണ്
വ്യാപാരം മുതൽ വൈജ്ഞാനികം വരെയുള്ള ഏതു മേഖലയിൽ നടക്കുന്ന മത്സരങ്ങൾക്കു പിന്നിലും പ്രവർത്തിക്കുന്നത് സ്വാർത്ഥബുദ്ധിയാണ്. സ്വാർത്ഥത ഇല്ലാതാക്കണമെങ്കിൽ ആഗ്രഹങ്ങൾ വേണ്ടെന്നു വയ്ക്കണം. ആഗ്രഹങ്ങൾ ഇല്ലാത്തവർക്ക് സമൂഹ നിർമ്മിതിയിൽ പങ്കുചേരാൻ കഴിയുമോ? സംഗതികൾ സമഗ്രമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും തന്റെ ഉയർച്ചയും, പ്രശസ്തിയും, ലാഭവും തന്നെയാണ് ഒരോരുത്തരുടെയും പ്രഥമ പരിഗണന. മനുഷ്യൻ ജന്മനാ സ്വാർത്ഥനാണ്.