
അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഡാൻസ് നമ്പറിനെതിരെ പരാതി. തെന്നിന്ത്യൻ താരം സാമന്തയാണ് ചിത്രത്തിൽ ഡാൻസ് നമ്പർ അവതരിപ്പിക്കുന്നത്. ഗാനത്തിൽ പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മെൻസ് അസോസിയേഷൻ എന്ന സംഘടന പരാതി നൽകിയത്.
പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി കാണിക്കുന്നുവെന്നും, ഈ പാട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മെൻഡ് അസോസിയേഷൻ പരാതി നൽകിയിരിക്കുന്നത്. ഇതുവരെ പുറത്തുവന്നതിൽവച്ച് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് ഈ ഗാനം. ഗാനരംഗത്തിൽ അഭിനയിക്കാൻ സമാന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സാമന്തയുടെ കരിയറിലെ ആദ്യ ഡാൻസ് നമ്പറാണ് പുഷ്പയിലെ ഗാനം. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. മലയാളത്തിൽ രമ്യ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലാണ് വില്ലൻ. 250 കോടി രൂപ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ഈ മാസം 17ന് തിയേറ്ററുകളിലെത്തും.