akbar-road

ന്യൂഡൽഹി: ന്യൂഡൽഹിയിലെ അക്ബർ റോഡിന് പുതിയ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് റോഡിന് നൽകണമെന്നാണ് ബിജെപി മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള നിവീൻ കുമാർ ജിന്റാൽ ആവശ്യപ്പെട്ടത്.

അക്ബർ റോഡ് ജനറൽ ബിപിൻ റാവത്തിന്റെ പേരിലേക്ക് മാറ്റി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓർമ്മകൾ ഡൽഹിയിൽ സ്ഥിരമായി നിലനിർത്തണം. ഇത് അദ്ദേഹത്തിന് നൽകുന്ന വലിയൊരു ആദരവ് ആയിരിക്കുമെന്നും നിവീൻ കുമാർ ജിന്റാൽ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിന് അയച്ച കത്തിൽ പറയുന്നു. അക്ബർ ഒരു അതിക്രമിയാണ്. അതുകൊണ്ട് ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യം ഇതിന് മുൻപും ഉയർന്നിട്ടുണ്ട്. മന്ത്രി വി കെ സിംഗ് റോഡിന്റെ പേര് മാറ്റി മഹാറാണ പ്രതാപ് എന്നാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. കോൺഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയും ഉൾപ്പെടുന്ന വിവിഐപി മേഖലയാണ് അക്ബർ റോഡ്. കഴിഞ്ഞ ഒക്ടോബറിൽ റോഡിലെ സൈൻ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിന് പിന്നിൽ ഹിന്ദു സേനയാണ് എന്ന ആരോപണം ഉയർന്നിരുന്നു.