kohli

മുംബയ്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ നിന്ന് മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി പിന്മാറിയേക്കും. ജനുവരി 19നാണ് ഏകദിന പരമ്പര തുടങ്ങുന്നത്. അതിന് മുമ്പ് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കൊഹ്‌ലി നയിക്കും. പരിക്കേറ്റ രോഹിത് ശർമ്മ ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് നേരത്തെ തന്നെ പിന്മാറിയിരുന്നു. പരിശീലനത്തിനിടെ ത്രോ ഇൻ എടുക്കുമ്പോഴായിരുന്നു രോഹിത്തിന്റെ കൈക്ക് പരിക്കേറ്റത്.

അതേസമയം കൊഹ്‌ലി ഏകദിന പരമ്പരയിൽ നിന്ന് പിന്മാറാനുള്ള താത്പര്യം ചില ബി സി സി ഐ അധികൃതരെ അറിയിച്ചുവെന്നാണ് അറിയുന്നത്. ഏകദിന ക്യാപ്ടനായിരുന്ന കൊഹ്‌ലിയെ താരത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി നായക സ്ഥാനത്ത് നിന്ന് സെലക്ടർമാർ പുറത്താക്കുകയായിരുന്നു. ടി ട്വന്റി ക്യാപ്ടൻ ആയി തുടരാൻ കൊഹ്‌ലി വിമുഖത കാണിച്ചതിനെ തുടർന്ന് രോഹിത്തിനെ ടി ട്വന്റി ക്യാപ്ടൻ ആയി നിയമിച്ചിരുന്നു. ടി ട്വന്റിയിലും ഏകദിനങ്ങളിലും രണ്ട് വ്യത്യസ്ഥ ക്യാപ്ടന്മാർ വേണ്ടെന്ന ബി സി സി ഐയുടെയും സെലക്ടർമാരുടെയും തീരുമാനത്തെതുടർന്ന് കൊഹ്ലിയെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാൽ കൊഹ്ലിക്ക് ഈ തീരുമാനത്തോട് വലിയ യോജിപ്പ് ഇല്ലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രോഹിത് ശ‌ർമ്മ ഏകദിന ക്യാപ്ടനായി വരുന്ന ആദ്യ പരമ്പരയാണ് ദക്ഷിണാഫ്രിക്കയിൽ അരങ്ങേറുന്നത്. ആ പരമ്പരയിൽ തന്നെ കൊഹ്‌ലി വിട്ടുനിൽക്കുന്നുവെങ്കിൽ ടീമിനുള്ളിൽ ചില പ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണം കൊഹ്‌ലി വെളിപ്പെടുത്തിയിട്ടില്ലെന്ന് ബി സി സി ഐ വൃത്തങ്ങളും മാദ്ധ്യമങ്ങളെ അറിയിച്ചു.

അതേസമയം രോഹിത്തിന്റെ പരിക്ക് വിചാരിക്കുന്ന വേഗത്തിൽ ഭേദമായില്ലെങ്കിൽ കൊഹ്‌ലി ഏകദിന പരമ്പരയിൽ കളിച്ചേക്കും. എന്നാൽ രോഹിത്ത് പരിക്കിൽ നിന്ന് മുക്തനായി ഏകദിന പരമ്പരയ്ക്ക് മടങ്ങിയെത്തിയാൽ കൊഹ്‌ലി വിട്ടുനിന്നേക്കും എന്നാണ് സൂചന.