theni

കുമളി: വിവാഹം കഴിഞ്ഞ് ഇരുപത്തിരണ്ടാം നാൾ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘം പിടിയിലാകുകയും ചെയ്തതോടെ പൊലീസ് തന്നെതേടിയെത്തുമെന്ന് ഭയന്ന് ഇരുപത്തിയൊന്നുകാരിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. തമിഴ്നാട് തേനി ജില്ലയിൽ കമ്പത്താണ് സംഭവം നടന്നത്. കമ്പം സ്വദേശിയായ ഭുവനേശ്വരിയാണ് (21) ജീവനൊടുക്കിയത്.

കഴിഞ്ഞ നവംബർ പത്തിനായിരുന്നു കേബിൾ ടിവി ജീവനക്കാരനായ ഗൗതവുമായുള്ള (24) ഭുവനേശ്വരിയുടെ വിവാഹം. പൊലീസിൽ ചേരുന്നതിനായി പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു ഭുവനേശ്വരി. എന്നാൽ വിവാഹം കഴിഞ്ഞതോടെ ജോലിയ്ക്ക് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഭുവനേശ്വരി ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഭർത്താവിനെ കൊല്ലുന്നതിനായി പരിചയക്കാരനായ തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജൻ എന്ന ആന്റണിയെ ഭുവനേശ്വരി സമീപിച്ചു. മൂന്നുപവന്റെ നെക്ളേസ് പണയംവച്ച് ലഭിച്ച 75000 രൂപ ഇയാൾക്ക് പദ്ധതി തയ്യാറാക്കാനും നൽകി. തുടർന്ന് പദ്ധതിപ്രകാരം ഈ മാസം രണ്ടാം തീയതി ഭർത്താവിനെയും കൂട്ടി ഭുവനേശ്വരി കുമളി, തേക്കടി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനെത്തി. തിരികെ പോകുന്നതിനിടെ കാഴ്ചകൾ കാണുന്നതിനായി റോഡരികിൽ സ്കൂട്ടർ നിർത്തി ഇരുവരും കുറച്ചുദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്തെത്തിയപ്പോൾ ടയർ പഞ്ചറായിരിക്കുന്നത് കണ്ട് ഗൗതം സ്കൂട്ടർ ഉരുട്ടിക്കൊണ്ട് നടക്കാൻ തുടങ്ങി.

പദ്ധതി അനുസരിച്ച് ഈ സമയം കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും ഗൗതം രക്ഷപ്പെട്ടു. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ സംഘം ഗൗതമിനെ മർദ്ദിക്കാൻ ആരംഭിക്കുകയും മറ്റ് വാഹനങ്ങൾ എത്തിയതോടെ കടന്നുകളയുകയും ചെയ്തു. ഇതിനുപിന്നാലെ ഗൗതം പൊലീസിൽ പരാതി നൽകുകയായിരുന്നു. കമ്പം പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ ആന്റണി (20), പ്രദീപ് (35), മനോജ് കുമാർ (20), ആൽബർട്ട് (28), ജയ സന്ധ്യ ( 18) എന്നിവർ പിടിയിലായി.

ഇവർ പിടിയിലായതറിഞ്ഞ ഭുവനേശ്വരി അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറ‌ഞ്ഞു. ക്വട്ടേഷൻ നൽകുന്നതിനായി പണയംവച്ച സ്വർണം പൊലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ജെറ്റ്ലിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.