
ഒരു തവണ പുനർജനി നൂഴ്‌ന്നിറങ്ങിയാൽ ആ ജന്മത്തിൽ ചെയ്ത് എല്ലാ പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് ആളുകളാണ് തിരുവില്വാമലയിൽ എത്തുന്നത്. മുന്നിലും പിന്നിലുമായി നീങ്ങുന്ന ഭക്തർ പരസ്പരം തങ്ങായി ഗുഹക്കുള്ളിലൂടെ മുന്നോട്ട് നീങ്ങി എത്തിച്ചേരുന്നത് പുതു ജന്മത്തിലേക്ക് എന്നാണ് വിശ്വാസം. തൃശൂരിന്റെയും പാലക്കാടിന്റെയും അതിർത്തി പ്രദേശമായ തലപ്പള്ളി താലൂക്കിലാണ് തിരുവില്വാമല. പാപ പരിഹാരത്തിനായി ഇവിടേക്ക് എത്തുന്ന ഭക്ത ജനങ്ങളെ കാത്തിരിക്കുന്നത് ഗ്രാമ ഭംഗിയുടെ വശ്യത കൂടിയാണ്. പുനർജനി നൂഴ്ന്നിറങ്ങുന്ന ഓരോ ഭക്തനും പുനർ ജന്മത്തിന്റെ സുകൃത വുമായിയാണ് വീടുകളിലേക്ക് മടങ്ങുന്നത്.
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് അരമണിക്കൂർ നടന്നാൽ ഗണപതി തീർദ്ധത്തിലെത്താം അവിടെ നിന്ന് കാൽ നനച്ച് കൊണ്ടാണ് പുനർജനിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പിന്നീട് പാപ നാശിനി അരുവിയിലേക്ക് നീങ്ങാം. ഗംഗാ സാന്നിദ്ധ്യം ഉണ്ടെന്ന് കരുതപ്പെടുന്ന പാപനാശിനി കടന്ന്, കുറച്ച് മുന്നിലേക്ക് സഞ്ചരിച്ചാൽ പുനർജനി ഗുഹയിലെത്താം. ഒരാളിന് കടന്ന് പോകാൻ കണക്കിനുള്ള വലിപ്പമാണ് ഗുഹാമുഖത്തിനുള്ളത്. ചെറിയൊരു വെളിച്ചം മാത്രമാണ് ഗുഹക്കുള്ളിൽ ലഭ്യമാകുക. ആദ്യം ഗുഹക്ക് ഉള്ളിലൂടെ കുനിഞ്ഞ് നീങ്ങാനാവും. എന്നാൽ കൂടുതൽ ഉള്ളിലേക്ക് നീങ്ങുന്നതിന് അനുസരിച്ച് ഉയരം കുറയുകയും ഉള്ളിലേക്ക് പോകുന്നത് കഠിനം ആകുകയും ചെയ്യുന്നു. മുന്നിലൂടെ പോകുന്ന ആളിന്റെ കാലുകളിൽ സ്പർശിച്ച് മാത്രമേ ഗുഹയുടെ ഏറ്റവും ഉള്ളിലെത്താൻ കഴിയുകയുള്ളു.
വില്വാമലയും ഭൂതമലയും ചേരുന്നിടത്താണ് പുനർജനി ഗുഹ കാണപ്പെടുന്നത്. ഭാരതപ്പുഴയുടെ അരികിലാണ് ഗുഹയുടെ സ്ഥാനം. കൗരവ വധത്തിന് ശേഷം പാണ്ഡവരും ക്ഷത്രിയരെ വധിച്ചതിന് ശേഷം പരശുരാമനും എത്തി പാപം അകറ്റിയ പുണ്യ മലയാണിത്.
വില്വാദ്രിനാഥ ക്ഷേത്രം
തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ക്ഷേത്രമാണിത്. പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്.
ക്ഷേത്രത്തിൽ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണു വിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയും സാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്.