
തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു, ഷിബിന്‍, ശ്രീനാഥ് എന്നിവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കൃത്യം നടത്തിയ ശേഷം കൊലയാളി സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരീ ഭർത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്.
മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്നതിനിടെ, ഡിസംബർ പതിനൊന്നിനാണ് സുധീഷ് കൊല്ലപ്പെട്ടത്. ഇപ്പോൾ അറസ്റ്റിലായ ഷിബിനും ശ്യാംകുമാറുമാണ് സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത്. സുധീഷിന്റെ സുഹൃത്തായിരുന്നു ഷിബിൻ.