
ചിരിയുടെയും എനർജിയുടെയും പര്യായമായിട്ടാണ് മലയാളികൾ റിമി ടോമിയെ കാണുന്നത്. പാട്ടായാലും സ്റ്റേജ് ഷോകളായാലും ആങ്കറിംഗായാലും എല്ലാത്തിലും റിമി സ്വന്തം സ്റ്റൈൽ സൂക്ഷിക്കാറുണ്ട്. ഇപ്പോഴിതാ, താരം തന്റെ സഹോദരങ്ങളെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിമി പോസ്റ്റ് ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലാണ് സഹോദരൻ റിങ്കുവിനൊപ്പമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്ത് താരം ഇപ്രകാരം കുറിച്ചത്.
'റിങ്കുവും റീനുവും, എന്റെ സഹോദരനും സഹോദരിയും. എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അവർ. ഒരുപക്ഷേ അവർ അധികം സമർത്ഥരും വാചാലരുമൊന്നുമല്ലായിരിക്കും. സ്വന്തം കുടുംബത്തെ, എന്നെ മാത്രമല്ല അവരുടെ ജീവിതപങ്കാളിയെയും കുഞ്ഞുങ്ങളെയും അത്രയധികം കരുതലോടെ കാക്കുന്ന, കുടുംബത്തിനു വേണ്ടി ജീവിക്കുന്ന, കുടുംബത്തിനു പുറത്ത് വേറൊരു ലോകമുണ്ടെന്ന തോന്നൽ പോലുമില്ലാത്ത രണ്ടു പേർ.
പൈസയുടെ വിലയറിഞ്ഞു ചെലവാക്കുന്നവരാണ് അവർ. റിങ്കുവും റീനുവും എന്റെ ചേട്ടനും ചേച്ചിയുമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയും പക്വതയാണ് രണ്ടുപേർക്കും. ഇത്രയും പാവമാകരുതെന്നു ഞാൻ അവരോടു പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീർക്കുന്നുണ്ടല്ലോ. നിങ്ങളുടെ ചേച്ചിയാകാൻ സാധിച്ചതു വലിയ ഭാഗ്യമായി ഞാൻ കാണുന്നു. വീണ്ടും വീണ്ടും ഓരോ നിമിഷവും ഞാൻ ദൈവത്തിനു നന്ദി പറയുകയാണ്. ഒരുപക്ഷേ ഞാനാദ്യമായിട്ടാകും ഇവരെക്കുറിച്ചു പറയുന്നത്." നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ ഒഴിവാക്കി മലയാളത്തിൽ തന്നെ എഴുതിയിതിനും താരത്തെ നിരവധി പേർ അഭിനന്ദിച്ചു.