
ബോളിവുഡ് താരറാണിമാരായ ജാക്വിലിൻ ഫെർണാണ്ടസിനും നോറ ഫത്തേഹിക്കും അത്യാഢംബര വസ്‌തുക്കൾ സമ്മാനിച്ചതായി വെളിപ്പെടുത്തി തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. മിനി കൂപ്പർ കാർ മുതൽ ഗുച്ചി , ചാനൽ തുടങ്ങിയ ബ്രാൻഡ് ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങൾ, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നൽകിയതായി സുകേഷ് ഇഡിയോട് വെളിപ്പെടുത്തിയതായാണ് വിവരം. വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ‌്ക്കുള്ള ജെറ്റ് വിമാനസർവീസും ജാക്വിലിന് തരപ്പെടുത്തി നൽകി.
നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോൺ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോൾ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.