boris-johnson

ലണ്ടൻ: ബ്രിട്ടനിൽ ഒമിക്രോൺ ബാധ അതിവേഗം പടരുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാൻ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിൽ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോൺ മൂലമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ അത് 50 ശതമാനം ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒരു കൊവിഡ് രോഗി ഒമിക്രോൺ നിമിത്തം മരണമടഞ്ഞിരുന്നു. കൊവിഡ് വൈറസുകളിൽ വച്ച് വീര്യം കുറഞ്ഞ ഒന്നാണ് ഒമിക്രോൺ എന്ന പൊതു ധാരണ മാറ്റി വയ്ക്കാൻ സമയമായെന്നും പുതിയ വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ട അവസ്ഥ എത്തികഴിഞ്ഞെന്നും ബോറിസ് ജോൺസൺ അറിയിച്ചു. ബ്രിട്ടന് പുറത്തും നിരവധി രാജ്യങ്ങളിൽ ഇതിനോടകം ഒമിക്രോൺ ബാധ മൂലം മരണം സംഭവിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ആരും ഔദ്യോഗികമായി പുറത്തു പറയാത്തതിനാൽ ഇത് സ്ഥിരീകരിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്സിൻ എടുത്തവരുടെ ശരീരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളെയും മറികടക്കാനുള്ള ശേഷി ഒമിക്രോൺ വൈകാതെ കൈവരിക്കുമെന്ന് താൻ ഭയപ്പെടുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോടായി പറഞ്ഞു.