
ന്യൂഡൽഹി: ലഖിംപൂരിൽ കർഷക ജാഥയ്ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകരേയും മാദ്ധ്യമപ്രവർത്തകനെയും കൊന്ന സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനെതുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കമുള്ള 13 പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുളള വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു. ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള അപേക്ഷയുമായി അന്വേഷണ ഉദ്യോഗസ്ഥൻ വിദ്യാറാം ദിവാകർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അലക്ഷ്യമായി പൊതുനിരത്തിൽ വാഹനം ഓടിച്ചതടക്കമുള്ള മൂന്ന വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനപൂർവമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും അതിനാൽ നിലവിലുള്ള വകുപ്പുകൾ പിൻവലിച്ച് വധശ്രമത്തിന് കേസെടുക്കണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
അതേസമയം പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുട്ടുണ്ട്. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ രണ്ട് ആഴ്ചത്തെ സമയം ഉത്തർ പ്രദേശ് പൊലീസിന് കോടതി അനുവദിച്ചിട്ടുണ്ട്.