
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന വിവാദത്തിൽ മന്ത്രി ആർ ബിന്ദു സ്വയം രാജി വയ്‌ക്കണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും രമേശ് ചെന്നിത്തല. പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഒരധികാരവുമില്ലാതിരുന്നിട്ടും ഗവർണർക്ക് ഉപദേശം നൽകിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
'മനഃസാക്ഷിക്ക് നിരക്കാത്ത തെറ്റിന് കൂട്ടുനിൽക്കേണ്ടിവന്നുവെന്ന് ഗവർണർ ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കണ്ണൂർ, കാലടി സർവകലാശാല വൈസ് ചാൻസിലർമാർ രാജിവെച്ച് പോവുകയാണ് വേണ്ടത്. ഇത്രയും വലിയ അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയിട്ട് എങ്ങനെ മന്ത്രിക്ക് അധികാരത്തിൽ തുടരാൻ സാധിക്കും.
നിയമപരമായി യാതൊരു അധികാരവുമില്ലാത്ത കാര്യം എങ്ങനെ മന്ത്രിക്ക് ചെയ്യാൻ സാധിക്കും. ഗവർണർക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്തിനെപ്പറ്റി എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്ക് നിയമനം കൊടുത്തതിന്റെ ഉപകാര സ്‌മരണയാണ് വീണ്ടും അദ്ദേഹത്തെ വൈസ്ചാൻസലറായി കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശ്രമിച്ചത്. ആ നിയമവിരുദ്ധ നടപടിക്കാണ് മന്ത്രി ഗവർണർക്ക് കത്തയച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണ്, മന്ത്രിക്ക് ഭരണത്തിൽ തുടരാൻ ഒരവകാശവുമില്ല. ഇക്കാര്യത്തിൽ ഗവർണർ ചെയ്‌തതും തെറ്റായ നടപടിയാണ്.
തെറ്റാണ് ചെയ്‌തത് എന്ന് അദ്ദേഹം തന്നെ സ്വയം സമ്മതിച്ചുകഴിഞ്ഞു. അങ്ങനെ അദ്ദേഹം സമ്മതിച്ച സ്ഥിതിക്ക് എങ്ങനെ വൈസ് ചാൻസലർക്ക് പദവിയിൽ തുടരാൻ സാധിക്കും. ഇക്കാര്യത്തിനെല്ലാം കൂട്ടുനിന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്. അതുകൊണ്ടാണ് മന്ത്രി മാദ്ധ്യമപ്രവർത്തകരിൽ നിന്ന് ഒളിച്ച് നടക്കുന്നത്." മന്ത്രിക്കെതിരെ ലോകായുക്തയ്ക്ക് പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.