
ജയ്‌പൂർ: ഓൺലൈൻ ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പതിനാറു വയസുകാരൻ 12 വയസുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു. രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം. ഓൺലൈൻ ഗെയിമുകൾക്ക് വേണ്ടി ചെലവഴിച്ച പണത്തെ ചൊല്ലിയായിരുന്നു ഇരുവർക്കുമിടയിൽ തർക്കമുണ്ടായത്.
പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയ ശേഷം പ്രതി സമീപപ്രദേശത്തുള്ള വയലിലായിരുന്നു മൃതദേഹം കുഴിച്ചുമൂടിയത്. തുടർന്ന് മരിച്ച കുട്ടിയുടെ അമ്മാവനിൽ നിന്നും അഞ്ചു ലക്ഷം രൂപ സമൂഹമാദ്ധ്യമം വഴി പലപ്പോഴായി ആവശ്യപ്പെടുകയും ചെയ്‌തു. ആ തുക കൊണ്ട് പ്രതി പേയ്‌മെന്റ് ടോക്കണുകൾ വാങ്ങാനായിരുന്നു പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഈ മാസം ഒമ്പതിനായിരുന്നു പന്ത്രണ്ടുവയസുകാരന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകിയത്. പബ്ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് കുട്ടി അടിമയായിരുന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനാറുകാരനും പന്ത്രണ്ടുകാരനും ഒന്നിച്ചിരുന്ന് ഗെയിം കളിച്ചിരുന്ന കാര്യം അറിയുന്നത്. ഗെയിം കളിക്കാനായി പന്ത്രണ്ടുവയസുകാരന് നൽകിയ പണം തിരികെ ചോദിച്ചതോടെയാണ് വാക്കുതർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.