
സാധാരണയായി വാഴക്കുലകൾ പൊതിഞ്ഞ് സൂക്ഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ പലർക്കും ഇത് എന്തിനാണെന്ന് അറിയില്ല. എന്നാൽ വാഴക്കുല പഴുക്കുന്നതിന് മുൻപായി പൊതിഞ്ഞ് സൂക്ഷിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. ഏതൊരു ഉപഭോക്താവും ഒരു ഉല്പന്നം വാങ്ങുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ രൂപ ഭംഗിയിലാണ്. അതിന് ശേഷമാണ് ഉല്പന്നത്തിന്റെ ഗുണങ്ങളെ കുറിച്ചോ അത് ഉണ്ടാക്കാൻ ഇടയുള്ള പ്രശ്നങ്ങളെ കുറിച്ചോ ചിന്തിക്കുന്നത്. മറ്റ് ഏത് ഉല്പന്നങ്ങളെ പോലെ തന്നെ കാർഷിക ഉല്പന്നങ്ങളുടെ കാര്യത്തിലും ഉപഭോക്താവ് ആദ്യം ശ്രദ്ധിക്കുന്നത് ഇത് തന്നെയാണ്.
മറ്റുള്ളവയെ പോലെ കാർഷിക ഉല്പന്നങ്ങളുടെ രൂപ ഭംഗി എളുപ്പത്തിൽ സംരക്ഷിക്കാൻ കഴിയാറില്ല. പ്രത്യേകിച്ച് വാഴക്കുലയെ പോലെയുള്ളവ. എന്നാൽ ചില രീതികൾ പിന്തുടർന്ന് വാഴക്കുല പൊതിഞ്ഞ് വച്ചാൽ അതിന്റെ ഭംഗി നില നിർത്താനാവും. ആളുകൾ സാധാരണയായി ഉണങ്ങിയ വാഴയിലകൾ ഉപയോഗിച്ച് കൊണ്ടാണ് വാഴക്കുല പൊതിയുന്നത്. എന്നാൽ ഇത് ശാസ്‌ത്രീയമല്ല. ചെറിയ വിടവുകളോട് കൂടിയ നീല നിറത്തിലുള്ള കവറുകളാണ് ഇതിനായി ഉപയോഗിക്കാനുള്ളത്. ഇത്തരത്തിൽ ഉപയോഗിച്ചാലുള്ള മറ്റ് ചില ഗുണങ്ങൾ താഴെ പറയുന്നു.
കവറിന്റെ ഉള്ളിൽ ചൂടു കൂടുതലായിരിക്കുന്നത് കൊണ്ട് തന്നെ വാഴക്കുല നാല് മുതൽ 14 ദിവസം വരെ വേഗത്തിൽ മൂക്കും.
ഫംഗസ് ബാധ തടയുന്നത് കാരണം വാഴക്കുലയുടെ നിറം നിലനിൽക്കുന്നു.
പൊടിപടലങ്ങളെ തടയാൻ ഇത് സഹായിക്കുന്നു.
കവറിനുള്ളിലെ ചൂടും നീരാവിയും കോശ വികസനത്തിന് കാരണമാകുന്നത് കൊണ്ട് തന്നെ കുലയുടെ തൂക്കം വർദ്ധിക്കുന്നു.
കീടനാശിനികളുടെ അവശിഷ്ടങ്ങൾ കുലയിൽ തട്ടാതെയിരിക്കുന്നു.