
ന്യൂഡൽഹി: വാഹനവിപണിയിലെ കച്ചവട തന്ത്രങ്ങൾ ദിവസേന മാറിമറിയുകയാണ്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കി വമ്പൻ മാറ്റങ്ങൾക്കാണ് വാഹന നിർമാതാക്കൾ വർഷം തോറും തയ്യാറെടുക്കുന്നത്. അത്തരത്തിൽ ഒരു മാറ്റമാണ് സ്വന്തം വാഹനങ്ങൾ ഡീലർമാരുടെ സഹായമില്ലാതെ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുകയെന്നത്. ഇന്ത്യയിൽ ഈ മാറ്റത്തിന് ഏറ്റവും ഒടുവിലായി തയ്യാറെടുക്കുന്നത് മെഴ്സിഡസാണ്.
എന്നാൽ അത്തരമൊരു മാറ്റത്തിന് മാരുതിക്ക് ഉടൻ പദ്ധതിയില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. തങ്ങളെ പോലെ വലിയ തോതിൽ കാറുകൾ നിർമിക്കുന്ന ഒരു കമ്പനിക്ക് ഉപഭോക്താക്കളുമായി നേരിട്ട് കച്ചവടം നടത്താൻ പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. 'കച്ചവടരീതികളുടെ ഭാവി' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ശ്രീവാസ്തവ.
മാരുതിയെ പോലെ വർഷം തോറും ഒരു ലക്ഷത്തിന് മുകളിൽ വാഹനങ്ങൾ നിർമിക്കുന്ന കമ്പനിക്ക് ഇത്രയേറെ വാഹനങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ തന്നെ ഏക്കറു കണക്കിന് സ്ഥലം വേണ്ടിവരുമെന്നും അത്തരത്തിലൊരു സാമ്പത്തിക ബാദ്ധ്യത ഈയവസരത്തിൽ അനാവശ്യമാണെന്നും ശ്രീവാസ്ത വ്യക്തമാക്കി.
നിലവിൽ നിർമാതാക്കളിൽ നിന്ന് വാഹനം വാങ്ങുന്ന ഡീലർമാർ ഉപഭോക്താക്കൾക്ക് അവയെ മറിച്ചു വിൽക്കുന്ന രീതിയാണ് മാരുതി പിന്തുടരുന്നത്. എന്നാൽ ഡീലർമാരുടെ ഇടയിൽ നിന്നും നിരവധി ക്രമക്കേടുകൾ ഉയർന്നു വരുന്നതിനാൽ മെഴ്സിഡസ് പോലുള്ള നിർമാതാക്കൾ നിലവിൽ ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ നേരിട്ടാണ് ചെയ്യുന്നത്. വർഷം ആയിരത്തിൽ താഴെ യൂണിറ്റ് വാഹനങ്ങൾ മാത്രമാണ് മെഴ്സിഡസ് പ്രതിവർഷം ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്നത്. അതിനാൽ തന്നെ മാരുതിക്ക് വേണ്ടി വരുന്നത് പോലുള്ള വൻ സാമ്പത്തിക ബാദ്ധ്യത മെഴ്സിഡസിന് വരുന്നില്ല.