
ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഈ കൊച്ചുകേരളത്തെ നാം വിളിക്കുന്നതുപോലെ ചുമ്മാ ആലങ്കാരികമായല്ല ഭൂമിയിലെ സ്വർഗം എന്ന് സ്വിറ്റ്സർലന്റിനെ ലോകജനത വിശേഷിപ്പിക്കുന്നത്! നമ്മുടെ നാട് ചെകുത്താന്റേത് കൂടിയാണ് എന്ന് നമുക്കെങ്കിലുമറിയാം. എന്നാൽ സ്വിറ്റ്സർലന്റ് ദൈവത്തിന്റെയും മനുഷ്യരുടേയും സ്വർഗരാജ്യം മാത്രമായി എന്നും പരിലസിക്കുന്നു. ദൈവവും പ്രകൃതിയും വിതാനിച്ച മനോഹാരിതയുടേയും ജനാധിപത്യസംവിധാനത്തിന്റേയും സുന്ദരസമ്മേളിതഭൂമികയായ സ്വിറ്റ്സർലന്റ്, ക്രിസ്തുമസിനെ വരവേൽക്കാൻ പൈൻമരങ്ങളിലാകെ തിളങ്ങുന്ന മഞ്ഞുനക്ഷത്രങ്ങൾ കൊണ്ട് വിലസുകയാവുമിപ്പോൾ. ജനീവയിലെ സഹൃദയസംഘാടകനും മികച്ചൊരു പുസ്തകപ്രേമിയുമായ തോമസേട്ടൻ ഇക്കഴിഞ്ഞ ദിവസം അയച്ച ഇ-മെയിൽ സന്ദേശമിങ്ങനെ: ''സതീഷിന്റെയും കൂട്ടുകാരുടേയും സ്വിസ് സന്ദർശനത്തിന്റെ ഇരുപതാം വർഷമാണിത് എന്നു ഞാൻ ഓർമ്മിപ്പിക്കുന്നു. ഇത്തവണ ഹിമപാതം കുറേക്കൂടി ശക്തമാണ്, ഭംഗിയുള്ളതുമാണ്... ഭൂമിയിലെ ഈ സ്വർഗത്തിലേക്ക് ക്രിസ്തുമസ് കൂടാൻ വരുന്നോ, ഹൃദ്യമായ സ്വാഗതം...""
ഇരുപത് വർഷം മുമ്പ്, 2001 സപ്തംബറിലെ ആ പതിനഞ്ചു സ്വിസ് ദിനങ്ങൾ മനസിൽ മഞ്ഞുമഴയായി വീണു നിറയുകയാണിപ്പോൾ...
രണ്ട്
ഗൾഫ് നാടുകളിലെ മലയാളി കുടിയേറ്റത്തെക്കുറിച്ചുള്ള 'ഗൾഫിലുണരുന്നു കേരളം", 'ഗൾഫ് സ്കെച്ചുകൾ", 'അറേബ്യൻ ജാലകം" എന്നീ ത്രിമുഖ ടെലിവിഷൻ പരമ്പരകൾക്കുശേഷം, യൂറോപ്യൻ രാജ്യങ്ങളിലെ അവ്വിധ മലയാളിപ്രവേശങ്ങളിലേക്ക് എന്റെയും കൂട്ടുകാരുടെയും ശ്രദ്ധ തിരിഞ്ഞ സമയം. ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലന്റ്, ഹോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ ആതുരശുശ്രൂഷാ രംഗത്തെ മലയാളി കുടിയേറ്റങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി കാലം കൊഴിഞ്ഞുപോകവേ, ഒരിക്കൽ എന്റെ സ്റ്റുഡിയോയിലെത്തിയ പ്രശസ്ത പത്രപ്രവർത്തകൻ തേക്കിൻകാട് ജോസഫാണ് സ്വിസ് ഹോട്ടൽ മാനേജ്മെന്റ് സ്കൂളിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ജോസഫ് സാറിന്റെ സുഹൃത്ത് കോട്ടയത്തെ ജാഫി ഇന്റർനാഷണൽ എന്ന ആഗോളപഠന ഏജൻസി നടത്തുന്ന കുന്നുംപറമ്പിൽ പുന്നൂസിലേക്ക് ആ ചർച്ചകൾ നീളുന്നു! അങ്ങനെ SHMS എന്ന ഇന്റർനാഷണൽ സ്വിസ് സ്കൂൾ ഡോക്യുമെന്ററിയുടെ പേപ്പർ വർക്കുകൾ നടക്കുന്നതോടൊപ്പം 'യൂറോപ്യൻ സ്കെച്ചുകൾ" എന്ന പ്രോജക്ടിലേക്കുള്ള പ്രവേശികയും തുറക്കുകയായി...
അക്കാലത്ത് സംസ്ഥാന ടെലിവിഷൻ അവാർഡും ക്രിട്ടിക്സ് അവാർഡും ഒരുമിച്ച് നേടി ലൈം ലൈറ്റിൽ വിലസുന്ന പ്രിയ സുഹൃത്തും 'പനോരമ"യുടെ ആസ്ഥാന കാമറാമാനുമായ ടി.ജി. ശ്രീകുമാറും ഒപ്പം ചേർന്നു.

2001 ആഗസ്ത് 27-നാണ് ഞാനും ശ്രീകുമാറും ജോസഫ്സാറും പുന്നൂസച്ചായന്റെ കൂടെ മുംബൈയിലെത്തി സ്വിസ് വിസയെടുക്കുന്നത്. അന്നുരാത്രി തന്നെ ഫ്രാങ്ക്ഫർട്ട് വഴി സൂറിച്ചിലേക്കു പറന്നു. വിമാനം നിറയെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളുമായിരുന്നു. ജാഫി ഇന്റർനാഷണലിന്റെ കീഴിൽ സ്വിറ്റ്സർലന്റിലെ വിവിധ കോളേജുകളിൽ ഉന്നതപഠനത്തിന് പോകുന്നവർ. മലയാളികളായ ചില രക്ഷിതാക്കളുമായി വിമാനത്തിൽ വച്ചുതന്നെ ഞങ്ങൾ അഭിമുഖവും തുടങ്ങി! അതിലൊരാളായിരുന്നു, ഇന്ന് ഇന്ത്യയിലെത്തന്നെ പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലൻ. ഇളയ മകൻ ശബരീഷിനെ എസ്.എച്ച്. എം.എസിൽ ചേർക്കുവാനാണ് യാത്ര...
മോൺട്രിച്ച് നഗരമായ കോക്സിലും ലെയ്സിനിലുമുള്ള എസ്.എച്ച്.എം.എസ്. കാമ്പസുകളിൽ മൂന്നുദിവസത്തെ ചിത്രീകരണം അപൂർവ്വ അനുഭവമായിരുന്നു. വിഖ്യാതമായ ആ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്കൂളിന്റെ കവാടം തൊട്ട് അത്ഭുതക്കാഴ്ചകളാണ്. ലോകത്തിന്റെ ഒരു ചെറിയ പരിഛേദം തന്നെയായിരുന്നു അവിടം. പ്രവേശനം നേടിയെടുത്തെത്തുന്ന വിദ്യാർത്ഥികൾക്കു മാത്രമായിരുന്നു കാമ്പസിൽ കടക്കാനാവുക. രക്ഷിതാക്കൾ ഗേയ്റ്റിനു പുറത്തും മറ്റ് ഹോട്ടലുകളിലുമായി തമ്പടിച്ചിരിക്കുന്നു!
ആദ്യദിവസം ഡോക്യുമെന്ററി സ്വിച്ച് ഓൺ സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിൽ നടന്നു. മനോഹരമായിരുന്നു കാമ്പസും കെട്ടിടങ്ങളും ക്ലാസ് മുറികളുമൊക്കെ. ഹൈടെക്ക് അടുക്കളകളും സമൃദ്ധമായ ബുഫേ ഭോജനശാലകളും വിദ്യാർത്ഥികളുടെ പ്രായോഗികമായ പഠനകേന്ദ്രങ്ങളാവുന്നത് ആദ്യം തന്നെ ശ്രീകുമാറിന്റെ കാമറ ഒപ്പിയെടുത്തു.. ക്യാമ്പസിനകത്ത് പ്രവേശനം ലഭിക്കാത്ത ഗോകുലം ഗോപാലേട്ടൻ, മകന്റെ അകത്തെ വിശേഷങ്ങളറിയാൻ രണ്ടാംനാൾ 'കാമറാക്രൂ" വായി ഞങ്ങളുടെ കൂടെ കൂടി! മെയിൻ കിച്ചണിലായിരുന്നു അന്നത്തെ ഷൂട്ട്. ചിത്രീകരണം പുരോഗമിക്കവേ, കാമറയുമായി മുന്നിൽ നീങ്ങുന്ന ശ്രീകുമാർ, ഷൂട്ടിംഗിനിടയിൽത്തന്നെ എന്റെ ചെവിയിൽ മന്ത്രിച്ചു: ''ഗോപാലേട്ടനെ പുറത്തേക്കു മാറ്റ്!"" അന്ധാളിച്ച് ഞാൻ നോക്കുമ്പോൾ, കിച്ചൺ യൂണിഫോമിൽ എച്ചിൽ പാത്രങ്ങൾ കഴുകുന്ന വിദ്യാർത്ഥികളിൽ ശബരീഷ് ഗോപാലൻ! ഞാൻ ഗോപാലേട്ടനെ കാഴ്ചയിൽ നിന്ന് മാറ്റാൻ ശ്രമിക്കുമ്പോഴേക്കും, പുഞ്ചിരിയോടെ ആ ദൃശ്യം കണ്ട്, അഭിമാനപൂർവ്വം അദ്ദേഹം എന്നോട് പതിയെ പറഞ്ഞു: ''ചെന്നൈയിലെ വീട്ടിൽ ഒരിക്കൽ പോലും അവൻ അവന്റെ പാത്രം കഴുകുമായിരുന്നില്ല. ഇതൊക്കെ പരിശീലിപ്പിക്കാനാണ് ഞാനവനെ ഇത്രയും ദൂരെ വന്ന് ഇവിടെ ചേർത്തത്. എനിക്ക് തൃപ്തിയായി.""

മൂന്ന്
ചിന്ത രവിയേട്ടൻ എന്ന രവീന്ദ്രന്റെ യാത്രാനുഭവപുസ്തകമായ 'സ്വിസ് സ്കെച്ചുകൾ" വായിച്ച് തരളിതനായിട്ടുണ്ട് വർഷങ്ങൾക്കു മുന്നേ ഞാൻ. ആ ഓർമയിലൂടെയാണ് സ്വിസ് ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും മനസും ഹൃദയവും ഞാൻ തൊട്ടറിഞ്ഞത്. എസ്.എച്ച്.എം.എസിലെ കാമ്പസ് ഫിലിമിന്റെ ചിത്രീകരണത്തിനുശേഷം ഞങ്ങൾ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിലും മറ്റു നഗരങ്ങളായ ലുസൺസിലും ജനീവയിലും സൂറിച്ചിലും കാഴ്ചകൾ കണ്ടു യാത്ര ചെയ്തു. അപൂർവഭംഗിയാർന്ന തടാകങ്ങൾ, മലയോരങ്ങൾ, മഞ്ഞുമൂടിയ കുന്നുകൾ, ഓക്ക് - പൈൻ വൃക്ഷങ്ങൾ, മേഞ്ഞുനടക്കുന്ന സുന്ദരിപ്പശുക്കൾ... ബേണിലെ സ്വിറ്റ്ഗലോഗ് ക്ലോക്ക് ടവറും ലൂസൺസിലെ വുഡൻചാപ്പൽ ബ്രിഡ്ജും ജനീവയിലെ യു.എൻ, റെഡ്ക്രോസ് മന്ദിരങ്ങളും ഒക്കെ മായക്കാഴ്ചകളായി ശ്രീകുമാറിന്റെ കാമറ ഒപ്പിയെടുത്തു. ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ മൂന്നു രാജ്യങ്ങളുടെ സംഗമഭൂമിയായ ബേസിൽ അപൂർവ്വമായ ഒരനുഭവമായിരുന്നു. അരികിട്ടൊഴുകുന്ന റൈൻ നദിക്കരയിലിരുന്ന് ഞങ്ങളാ മൂന്നു രാജ്യങ്ങളെ കണ്ടറിഞ്ഞു. ആവോളം മനസിൽ നിറച്ചു....
ആൽപേൻ രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്വിസിൽ ചെന്നാൽ ആൽപ്സ് കാണാതെ മടങ്ങുന്നതെങ്ങനെ? ആറായിരത്തിലധികം അടി ഉയരത്തിലുള്ള പർവ്വതനിരകളിലേക്കുള്ള ഞങ്ങളുടെ യാത്ര റോപ്പ്വേയിലായിരുന്നു. ഉയരത്തിലേക്കു പോകുന്തോറും പ്രത്യേകതരത്തിലുള്ള ശകടങ്ങളിലെ യാത്രയും ദുർഘടമായി. മഞ്ഞും തണുപ്പും വന്ന് പൊതിഞ്ഞു. പക്ഷേ, ഉയരത്തിലെത്തിയപ്പോൾ, മുട്ടറ്റം മഞ്ഞിലിറങ്ങി നടന്നപ്പോൾ, തടഞ്ഞുവീണപ്പോൾ, കൈ നിറയെ മഞ്ഞുവാരി അന്യോന്യം എറിഞ്ഞുകളിച്ചും തലയിൽ വാരി മൂടിയും കുട്ടികളായപ്പോൾ, മനസ് പറഞ്ഞുകൊണ്ടിരുന്നു, ഇതുതന്നെ ഭൂമിയിലെ സ്വർഗം എന്ന്....!
നാല്
സ്വിസ് വാച്ചുകൾക്കും ചോക്ലേറ്റിനും ബാങ്കുകൾക്കും പേരുകേട്ട സ്വിറ്റ്സർലൻഡിൽ, എല്ലാം ചിത്രീകരിച്ചുവരവേ 2001 സെപ്തംബറിന്റെ പതിനൊന്നാം നാൾ ഞങ്ങളുടെ ഷൂട്ടിംഗ് നിലച്ചു. എന്തിനേറെ ലോകം മുഴുവൻ നിലച്ച നാളായിരുന്നു അത് ! ജനീവയിൽ ഞങ്ങളുടെ ആതിഥേയനായ ജേക്കബേട്ടന്റെ അതിഥിമുറിയിലെ ടെലിവിഷന്റെ മുന്നിലിരുന്ന്, അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ കത്തിയമരുന്നത് കാണുമ്പോൾ, മനസിനും തീ പിടിച്ചുകഴിഞ്ഞിരുന്നു. അൽഖ്വയ്ദ ഭീകരർ സ്വിറ്റ്സർലന്റ് വഴിയാണ് യു.എസിലേക്കു കടന്നതെന്ന ഒരു കിംവദന്തി പ്രചരിച്ചതോടെ, അന്നുച്ചക്ക് യു.എൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിലെ ഞങ്ങളുടെ ചിത്രീകരണത്തിന് അനുമതി നിഷേധിക്കപ്പെട്ടു. സെപ്തംബർ 29 വരെ വിസയുണ്ടായിട്ടും ഞങ്ങൾക്കന്നു തന്നെ തിരിച്ച് മടങ്ങേണ്ടിയും വന്നു. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ മറുനാടൻ മാദ്ധ്യമപ്രവർത്തകരെന്ന നിലയിൽ ഒരു രാപ്പകൽ നീണ്ട പീഡനവിസ്താരങ്ങൾക്കുശേഷം 15-ന് ഞങ്ങൾ നെടുമ്പാശ്ശേരിയിൽ തളർന്നവശരായി പറന്നിറങ്ങി...
'യൂറോപ്യൻ സ്കെച്ചുകൾ" അപൂർണമായി ഉപേക്ഷിക്കപ്പെട്ടെങ്കിലും സ്വിസ് ഓർമ്മകൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. ആ ഓർമ്മകളിൽ പങ്കാളിയായ രണ്ടു പേരിൽ ശബരീഷ് ഗോപാലൻ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി ഗോകുലം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിൽ സാരഥിയായിരിക്കേ ഒരു കാറപകടത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയതും, സ്വിസ് യാത്രയ്ക്ക് നിമിത്തമായ പുന്നൂസ് അച്ചായൻ കഴിഞ്ഞവർഷം രോഗാതുരനായി ജീവിതയാത്രയിൽനിന്ന് പിരിഞ്ഞകന്നതും നൊമ്പരമായി മനസിൽ നീറിനിൽക്കുന്നു, ഇന്നും....
(സതീഷ്ബാബു പയ്യന്നൂർ:
98470 60343)