shashi-tharoor

ന്യൂഡൽഹി : കെ റെയിലിനെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പിടാതെ ശശിതരൂർ എം പി. കെ റെയിലിന്റെ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് എം പിമാർ നിവേദനം നൽകിയത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി കുമാറിന് നൽകിയ നിവേദനത്തിൽ പുതുച്ചേരി എം പി വി വൈത്തി ലിംഗമടക്കം പതിനെട്ട് യു ഡി എഫ് എം പിമാരാണ് ഒപ്പിട്ടിട്ടുള്ളത്.

കേരളത്തിൽ ഒരു ഉപകാരവും ഉണ്ടാക്കാത്ത കെ റെയിൽ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാക്കുമെന്നും, സാമ്പത്തിക ബാദ്ധ്യത സംസ്ഥാനത്തിനുണ്ടാക്കുമെന്നുമാണ് യു ഡി എഫ് ആരോപിക്കുന്നത്. നിവേദനം സ്വീകരിച്ച കേന്ദ്ര റെയിൽവെ മന്ത്രി നാളെ എം പിമാരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെ റെയിലുമായി കേന്ദ്രം സഹകരിക്കരുതെന്ന് കോൺഗ്രസ് നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ മാറി നിൽക്കുന്നത് വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പദ്ധതിയിൽ നിന്നും ഉടനടി പിന്മാറണമെന്നും പ്രതിപക്ഷ
നേതാവ് ഇന്ന് ആവശ്യപ്പെട്ടു. കെ റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ വെറുമൊരു കെട്ടുകഥയാണെന്ന് പദ്ധതിയുടെ പ്രാഥമിക സാദ്ധ്യതപഠനം നടത്തിയ സംഘത്തിന്റെ തലവൻ അലോക് വർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സർക്കാർ തന്നെ ഏൽപ്പിച്ച ഏജൻസിയുടെ സംഘത്തലവൻ പുറത്തു വിട്ട ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്ന കാര്യങ്ങൾ സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും സതീശൻ പറഞ്ഞു.

ലിഡാർ സർവെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണ്. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് പദ്ധതിയ്ക്ക് ചിലവ് വരിക എന്നാണ് സിസ്ട്രയുടെ തലവൻ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടിയെന്നാണ്. എന്നാൽ ഇത് 2018ലെ കണക്കാണെന്നും പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രണ്ട് ലക്ഷം കോടി കടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്ത്യൻ സിസ്ട്ര തലവൻ അലോക് വർമയുടെ വെളിപ്പെടുത്തലെന്നും വി ഡി സതീശൻ പറഞ്ഞു.