murder

കൊച്ചി: തമിഴ്‌നാട് സ്വദേശിയെ കൊച്ചിയിൽ ഭാര്യയും മകളും ചേർന്ന് കൊലപ്പെടുത്തി. ദിണ്ഡിഗൽ സ്വദേശിയായ ശങ്കർ ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് രണ്ട് ദിവസം മുൻപ് ശങ്കറിനെ ആശുപത്രിയിലാക്കിയിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. മരണശേഷം പരിശോധന നടത്തിയ ഡോക്‌ടർമാർ ഇയാളുടെ കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതെത്തുടർന്ന് ശങ്കറിന്റെ ഭാര്യ സെൽവിയെയും മകളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കടുത്ത മദ്യപാനിയായ ശങ്കർ ദിവസവും വീട്ടിലെത്തി ഭാര്യയെയും മകളെയും മർദ്ദിക്കുന്നത് പതിവായിരുന്നു. ഇതിനിടെ ഒരിക്കൽ ഭാര്യയുടെ കൈ ഇയാൾ തല്ലിയൊടിച്ചിരുന്നു. ഇതോടെ ഉപദ്രവം സഹിക്കവയ്യാതെ സെൽവിയും മകളും ഷൂസിൽ കെട്ടുന്ന ലെയ്‌സ് ഉപയോഗിച്ചാണ് ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച സെൽവിയെയും മകളെയും കോടതി റിമാൻഡ് ചെയ്‌തു.