narendra-modi-

വാരണാസി : വാരണാസിയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഉറക്കമിളച്ചും തന്റെ മണ്ഡലത്തിന്റെ വികസനം പരിശോധിക്കാനെത്തിയത് കൗതുകമായി. സന്ദർശനത്തിന്റെ ആദ്യ ദിവസം പകൽ മുഴുവൻ അദ്ദേഹം 339 കോടി രൂപ ചെലവിൽ പുതുതായി നിർമ്മിച്ച കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം ഉദ്ഘാടന തിരക്കിലായിരുന്നു. എന്നാൽ രാത്രിയിൽ അദ്ദേഹം ബനാറസ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വൃത്തിയുള്ളതും ആധുനികവും യാത്രക്കാർക്ക് സൗകര്യപ്രദവുമായ റെയിൽവേ സ്റ്റേഷനുകൾ നിർമ്മിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്റ്റേഷനിലെ ക്‌ളോക്കിന് മുന്നിൽ നിന്നുമുള്ള പ്രധാനമന്ത്രിയുടെ ചിത്രവും വൈറലായിരിക്കുകയാണ്. രാജ്യത്തിന്റെ കാവൽക്കാരൻ എന്ന പേരിലാണ് നരേന്ദ്ര മോദി പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യം ഉറങ്ങുമ്പോഴും കാവൽക്കാരൻ ഉണർന്നിരിക്കുന്നു എന്നാണ് ചിത്രത്തിന് ആരാധകരുടെ അഭിപ്രായം.

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇന്ന് പ്രധാനമന്ത്രി ചർച്ചയ്ക്കായി ക്ഷണിച്ചിരുന്നു.
അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബീഹാർ, നാഗാലാൻഡ് എന്നിവിടങ്ങളിലെ ഉപമുഖ്യമന്ത്രിമാർ എന്നിവരാണ് പ്രധാനമന്ത്രിയുമായുള്ള പരിപാടിയിൽ പങ്കെടുത്തത്. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു മീറ്റിംഗ്. മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് മുന്നിൽ അവരുടെ സംസ്ഥാനത്തെ ഭരണത്തെക്കുറിച്ചുള്ള അവതരണം നടത്തി. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഇന്ന് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു.