തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പുതുവർഷത്തിൽ യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും. ഗഗൻയാൻ പേടകത്തിന്റെ ബഹിരാകാശ ട്രയലാണിത്.
ബഹിരാകാശ കുതിപ്പ്, തിരിച്ച് ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, ഭൂമിയിൽ തിരിച്ചിറക്കം, ബഹിരാകാശത്ത് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയവയാണ് പരിശോധിക്കുക. പിശകുകൾ പരിഹരിച്ച് അടുത്തവർഷം അവസാനം വ്യോമമിത്ര രണ്ടാംകുതിപ്പ് നടത്തും. 2023ൽ ഇന്ത്യൻ യാത്രികരുമായി ഗഗൻയാൻ ബഹിരാകാശ യാത്ര നടത്തും.
വ്യോമമിത്ര ഇൗ വർഷം ആദ്യം വിക്ഷേപിക്കാനിുന്നതാണ്. കൊവിഡ് മൂലം ഒരുവർഷത്തേക്ക് മാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ 2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരനെ എത്തിച്ച് ചരിത്രം സൃഷ്ടിക്കാനായിരുന്നു പദ്ധതി.
അമേരിക്ക,റഷ്യ,ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഭൂമിക്ക് 400 കിലോമീറ്റർ ഉയരെ ഗഗൻയാൻ എത്തിച്ച് ഏതാനും ദിവസങ്ങൾ ഭ്രമണം ചെയ്ത ശേഷം തിരിച്ചിറങ്ങുന്നതാണ് പദ്ധതി.10,000കോടി രൂപയാണ് ചെലവ്.
ഒരുക്കങ്ങൾ ഇതുവരെ
വ്യോമമിത്ര വികസിപ്പിച്ചു
ദ്രവ ഇന്ധനമുള്ള വികാസ് എൻജിൻ
ബഹിരാകാശ യാത്രികർ റഷ്യയിലെ ഗഗാറിൻ സെന്ററിൽ പരിശീലനം പൂർത്തിയാക്കി.
സ്പെയ്സ് ഷട്ടിൽ റീ എൻട്രി പരീക്ഷണങ്ങൾ പൂർത്തിയാക്കി.
പാഡ് അബോർട്ട് റിക്കവറി എന്ന സുരക്ഷിത ലാൻഡിംഗ് ഉറപ്പാക്കി.
സ്പെയ്സ് ഷട്ടിൽ രൂപകൽപന പൂർത്തിയാക്കി.
യാത്രികർക്കുള്ള ഭക്ഷണം തയ്യാറാക്കി.
സ്പെയ്സ് ഷട്ടിലിനൊപ്പമുള്ള സർവ്വീസ് മൊഡ്യൂൾ നിർമ്മിച്ചു.
ആസ്ട്രേലിയയിലെ കോകോസ് ദ്വീപിൽ ഗ്രൗണ്ട് സ്റ്റേഷൻ നിർമ്മിക്കും.
ഫ്രാൻസിലെ സ്പെയ്സ് സ്റ്റഡീസ് സെന്റർ റേഡിയേഷൻ,ഫയർ ഗ്രിഡ് ഉപകരണങ്ങൾ ലഭ്യമാക്കും
യൂറോപ്യൻ സ്പെയ്സ് ഏജൻസി യാത്രികർക്ക് മരുന്നുകൾ ലഭ്യമാക്കും
ഇനി തയ്യാറാക്കാനുള്ളത്.
ബാംഗ്ളൂരിലെ എച്ച്.എ.എല്ലിൽ സ്പെയ്സ് ഷട്ടിൽ നിർമ്മാണം.
ഇതിനുള്ള സ്റ്റീൽ റൂർക്കലയിലെ സ്റ്റീൽപ്ളാന്റിൽ നിർമ്മിക്കും.
ബംഗളൂരുവിൽ യാത്രികരെ പരിശീലിപ്പിക്കാനുള്ള സൗകര്യം
അടിസ്ഥാന എയ്റോമെഡിക്കൽ, ഫ്‌ളൈയിംഗ് പരിശീലനം ഇവിടെ
വിക്ഷേപണ ട്രയലുകളും ഭൂഗുരുത്വ പരീക്ഷണങ്ങളും പൂർത്തിയാക്കണം
"ഗഗൻയാൻ പുതിയ ഷെഡ്യൂൾ അനുസരിച്ച് പൂർത്തിയാകും.റഷ്യ,യൂറോപ്പ്, റുമേനിയ,ഫ്രാൻസ്,കാനഡ,ആസ്ട്രേലിയ തുടങ്ങി ആറുരാജ്യങ്ങളുടെ സഹകരണമുണ്ട്."
ഡോ.കെ.ശിവൻ,ഐ.എസ്.ആർ.ഒ. ചെയർമാൻ