mullaperiyar

ന്യൂഡൽഹി: രാത്രിസമയം ഡാം തുറന്നത് കേരളത്തെ കൃത്യമായി അറിയിച്ചാണെന്ന് സുപ്രീംകോടതിയിൽ വാദവുമായി തമിഴ്‌നാട്. കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയ്‌ക്ക് മറുപടി നൽകിയ തമിഴ്‌നാട് കേരളത്തിന്റെ ആരോപണങ്ളെയെല്ലാം നിഷേധിച്ചു. അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടില്ല, തുറക്കുന്നതിന് മുൻപ് കൃത്യമായി കേരളത്തിനെ വിവരം അറിയിച്ചു. അണക്കെട്ടിലെ വെള‌ളത്തിന്റെ അളവ് നോക്കിയാണ് തുറന്നത്. മുല്ലപ്പെരിയാറിൽ സംയുക്തസമിതി വേണമെന്ന കേരളം ഉന്നയിച്ച ആവശ്യം തള‌ളണമെന്ന് തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ അളവ് നോക്കാതെ വെള‌ളം തുറന്നുവിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്‌തുതാ വിരുദ്ധമാണ്. കേരളം സമർപ്പിച്ച അപേക്ഷയിൽ മറുപടിയ്‌ക്ക് സമയം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് ബുധനാഴ്‌ച കേസ് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി തീരുമാനിച്ചത്. ഇതിനിടെയാണ് ഇന്ന് തമിഴ്‌നാട് മറുപടി നൽകിയത്.

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കേരളം അപേക്ഷ നൽകിയിരുന്നത്. ജസ്‌റ്രിസ് ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് തമിഴ്‌നാടിനോട് ഇതിൽ മറുപടി നൽകാൻ അനുമതി നൽകുകയായിരുന്നു. സ്‌പിൽവേ ഷട്ടറുകൾ തുറക്കാനും പുറത്തുവിടുന്ന ജലത്തിന്റെ അളവ് തീരുമാനിക്കാനും കേരള-തമിഴ്നാട് പ്രതിനിധികളുള‌ള സാങ്കേതിക സമിതി വേണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്‌ചയാണ് അർദ്ധരാത്രിയോടടുത്ത് തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഇതെത്തുടർന്ന് വണ്ടിപ്പെരിയാർ ഉൾപ്പടെ പലയിടത്തും പെരിയാർ കരകവിഞ്ഞതോടെ കുട്ടികളെയും പ്രായമായവരെയും എടുത്ത് സുരക്ഷിതമായ ഉയരംകൂടിയ ഇടങ്ങളിലേക്ക് അർദ്ധരാത്രിയിൽ തന്നെ ജനങ്ങൾക്ക് മാറേണ്ടിവന്നു. തുടർന്ന് ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.