purvanchal

ലക്നൗ : അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാനത്തിന്റെ വിധി എഴുത്ത് മാത്രമായിരിക്കുകയില്ല. രണ്ട് വർഷം കഴിഞ്ഞ് രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കാറ്റു മാറി വീശുമോ എന്ന് അറിയാനുള്ള ഒരു സൂചനകൂടിയാവും യു പിയിലെ തിരഞ്ഞെടുപ്പ്. യു പിയിൽ സർവാധിപത്യം സ്ഥാപിച്ചാൽ അത് ഡൽഹിയിലേക്കുള്ള യാത്ര എളുപ്പമാക്കും എന്നതാണ് യുപി തിരഞ്ഞെടുപ്പിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ അടക്കം ചർച്ച ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചില നീക്കങ്ങളിലാണ്. കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളിൽ തിരക്കിനിടയിലും പൂർവാഞ്ചലിൽ മോദി നേരിട്ടെത്തിയത് ആറ് തവണയാണ്. പൂർവാഞ്ചലിൽ ബി ജെ പി കേന്ദ്രീകരിക്കുന്നതിന് പിന്നിൽ എന്താണ് എന്ന സംശയം ഉയരാൻ ഈ സന്ദർശനങ്ങൾ തന്നെ ധാരാളമാണ്. പൂർവാഞ്ചലിനെ ബി ജെ പിക്ക് ഭയമാണോ ? അതോ പൂർവാഞ്ചലിൽ നിന്നും തിരഞ്ഞെടുപ്പ് ജയിക്കാൻ തക്ക ഒരു നിധി കണ്ടെത്താനാവുമെന്ന പ്രതീക്ഷയോ ? രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തൽ ഇങ്ങനെയാണ്.


കിഴക്കൻ ഉത്തർപ്രദേശിലെ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലം. പുണ്യനഗരമായ ഇവിടെ നിന്നും വൻ ഭൂരിപക്ഷത്തിലാണ് ജനം അദ്ദേഹത്തെ പാർലമെന്റിലേക്കും, പ്രധാനമന്ത്രിയുടെ കസേരയിലേക്കും നിയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ തട്ടകം കൂടിയായ കിഴക്കൻ ഉത്തർപ്രദേശിൽ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മേഖല ഒന്നാകെ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കാനാണ്. ഇതിനായി പൂർവാഞ്ചലിൽ വികസനങ്ങളുടെ പെരുമഴയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. പ്രധാനമന്ത്രിയുടെ അടുത്തടുത്ത
സന്ദർശനങ്ങൾ തന്നെ ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുവാനാണ്. ഇവയിൽ പലതും പൂർത്തീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ

ഒക്ടോബർ 20 ന് പ്രധാനമന്ത്രി മോദി കുശിനഗറിൽ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 25 ന് കിഴക്കൻ ഉത്തർപ്രദേശിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.

നവംബർ 16ന് കിഴക്കൻ ഉത്തർപ്രദേശ് ജില്ലകളെ സംസ്ഥാനത്തിന്റെ മദ്ധ്യഭാഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള മെഗാഹൈവേ പദ്ധതിയായ പൂർവാഞ്ചൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.

ഡിസംബർ 7 ന് കിഴക്കൻ ഉത്തർപ്രദേശിൽ നിരവധി വികസന പദ്ധതികൾ ആരംഭിച്ചു. എയിംസും ഗോരഖ്പൂരിലെ ഒരു വളം പ്ലാന്റും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ ഉൾപ്പെടുന്നു.

ഡിസംബർ 11 കിഴക്കൻ ഉത്തർപ്രദേശിലെ ഗോണ്ട, ബഹ്രൈച്ച്, ബൽറാംപൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന സരയൂ കനാൽ പദ്ധതി

ഡിസംബർ 11 ന് കാശി വിശ്വനാഥ് ധാം ഇടനാഴി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, പദ്ധതിക്കായി രണ്ട് ദിവസത്തെ വാരണാസി സന്ദർശനവും നടത്തി.


എന്തിന് പൂർവാഞ്ചൽ ?

വരുന്ന യു പി തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്ന് നിശ്ചയിക്കുന്നതിൽ പൂർവാഞ്ചൽ നിർണായകമാണ്. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 28 ജില്ലകളിലായി ഏകദേശം 165 സീറ്റുകളിൽ 115ലധികം സീറ്റുകൾ ബിജെപി സ്വന്തമാക്കിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ബി ജെ പി 315 സീറ്റുകൾ നേടിയിരുന്നു. എന്നാൽ കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരായ ഒരു ജനവികാരം ഉയർന്ന് വന്നത് ഫലത്തിൽ തിരിച്ചടിയാവുമോ എന്ന ഭയം ബി ജെ പിയ്ക്ക് ഉണ്ട്. അതിനാലാണ് അവസാന നിമിഷം നിയമങ്ങൾ പിൻവലിച്ചതും, കർഷകരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കുമെന്ന് അറിയിച്ചതും. കിഴക്കൻ ഉത്തർപ്രദേശിനേക്കാൾ കാർഷിക നിയമങ്ങൾ കാരണം ജനരോഷം കൂടുതൽ നേരിടേണ്ടി വരുന്നത് പടിഞ്ഞാറൻ ഉത്തർപ്രദേശിലായിരിക്കും എന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. കർഷക പ്രതിഷേധം കാരണം നൂറ് നിയമസഭാ സീറ്റുകളുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നേരിടുന്ന നഷ്ടം പൂർവാഞ്ചലിൽ കേന്ദ്രീകരിക്കരിക്കുന്നതിലൂടെ നികത്താനാവും എന്നും ബി ജെ പി കണക്കുകൂട്ടുന്നു.

അതേസമയം പ്രതിപക്ഷ പാർട്ടികളിൽ പ്രത്യേകിച്ച് സമാജ്വാദി പാർട്ടിയുടെ ചില നീക്കങ്ങളും പൂർവാഞ്ചലിൽ ബി ജെ പി കേന്ദ്രീകരിക്കുന്നതിന് കാരണമാകുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ ചെറുകിട, ജാതി അധിഷ്ഠിത പാർട്ടികളുമായി സഖ്യമുണ്ടാക്കി നേട്ടം കൊയ്യാനാണ് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന അദ്ദേഹം സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി), മഹാൻ ദൾ, അപ്നാ ദൾ (കൃഷ്ണ പട്ടേൽ), ജൻവാദി പാർട്ടി (സോഷ്യലിസ്റ്റ്) എന്നിവരുമായി ഇതിനകം സഖ്യമുണ്ടാക്കി.


കിഴക്കൻ യുപിയിൽ മൗര്യ, കുശ്വാഹ, ശാക്യ, സൈനി സമുദായങ്ങൾക്കിടയിൽ ഈ സമുദായത്തിന് സ്വാധീനമുണ്ട്. നേരത്തെ ബിഎസ്പിയുടെ വോട്ട് ബാങ്കായി കണക്കാക്കിയിരുന്നതുമായ ഈ സമുദായങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ കരുനീക്കങ്ങൾ. ബിജെപി ഉൾപ്പടെ വിവിധ പാർട്ടികളിൽ നിന്നുള്ള വിമത നേതാക്കൾ എസ് പിയിൽ ചേരുന്നതും ബി ജെ പിക്ക് ഇവിടെ തലവേദന ഉണ്ടാക്കുന്നുണ്ട്.

കർഷക പ്രക്ഷോഭത്തിന് പുറമേ കൊവിഡ് കാരണമുണ്ടായ തൊഴിൽ നഷ്ടവും ഇത്തവണ ബിജെപിക്കെതിരെ ആഞ്ഞടിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ഈ പശ്ചാത്തലത്തിലാണ് കിഴക്കൻ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി പതിവായി സന്ദർശനങ്ങൾ നടത്തുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് പരമാവധി പദ്ധതികൾ പ്രഖ്യാപിക്കുവാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചാൽ ഉടൻ വികസന പ്രഖ്യാപന വേദികൾ രാഷ്ട്രീയ പ്രഖ്യാപന വേദികളായി പരിവർത്തനം ചെയ്യും. പൂർവാഞ്ചലിൽ ബി ജെ പിക്ക് നഷ്ടങ്ങളൊന്നും സഹിക്കാനാവില്ല, അതേസമയം മറ്റിടങ്ങളിൽ പ്രതീക്ഷിക്കുന്ന നഷ്ടങ്ങൾ നികത്താനുള്ള മണ്ണ് കൂടിയാണ് ഇവിടം.