
ശ്രീനഗർ : പാകിസ്ഥാൻകാരനായ കൊടും ഭീകരൻ അബു സറാറിനെ ഇന്ത്യൻ സൈന്യം വധിച്ചു. കാശ്മീരിലെ പൂഞ്ചിലെ സുരൻകോട്ട് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലൂടെയാണ് കൊടും ഭീകരനെ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അബു സറാറിൻെറ സാന്നിദ്ധ്യം താഴ്വരയിൽ ഉണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചത്. അന്ന് മുതൽ ഭീകരനെ തേടിയുള്ള രഹസ്യ നീക്കത്തിലായിരുന്നു സൈന്യം. എന്നാൽ കൊടുംവനത്തിൽ ഒളിഞ്ഞിരിക്കുകയായിരുന്ന ഇയാളെ കണ്ടെത്താൻ സേനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ഓപ്പറേഷനിൽ പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് സൈന്യത്തിന് സഹായമായത്. തെക്കൻ പിർ പഞ്ചൽ മേഖലയിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനുള്ള പാക് ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരൻ എത്തിയതെന്നാണ് കണക്കാക്കുന്നത്.
സൈന്യമെത്തുന്നത് മനസിലാക്കിയ ഭീകരർ വെടിയുതിർത്ത് കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് കൊടും ഭീകരനെ വധിച്ചത്. ഇയാളിൽ നിന്നും എ കെ 47 തോക്കുകളും, ഗ്രനേഡുകളും, തിരകളും, ഇന്ത്യൻ കറൻസിയും കണ്ടെത്തിയിട്ടുണ്ട്. പാക് ബന്ധം തെളിയിക്കുന്ന ആയുധങ്ങളാണ് പിടികൂടിയത്.