
തിരുവനന്തപുരം: ജനുവരി അഞ്ചിന് തുടങ്ങുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറൂസ് നടത്താൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും ഉന്നയിച്ച ആവശ്യങ്ങളിൽ നടപടിയെടുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഉറൂസിന് മുന്നോടിയായി വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശിച്ചു.ജനുവരി അഞ്ച് മുതൽ പത്ത് ദിവസമാണ് ഉറൂസ് നടക്കുക.