
വയനാട്: കുറുക്കൻമൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയുടെ ചിത്രം പുറത്തുവിട്ട് വനംവകുപ്പ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കുറുക്കൻമൂലയിലെ വഴിയിലൂടെ കടുവ നടക്കുന്ന ചിത്രമാണ് ലഭിച്ചിരിക്കുന്നത്. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ പിടികൂടാൻ പ്രദേശവാസികൾ വയ്‌ക്കുന്ന കെണിയിൽ തലകുടുങ്ങിയാകാം ഇത്രവലിയ മുറിവ് കടുവയ്‌ക്ക് ഉണ്ടായതെന്നാണ് വനംവകുപ്പ് കരുതുന്നത്.
അടുത്തിടെ ഇത്തരത്തിൽ മുറിവ് പറ്റുന്ന മൂന്നാമത്തെ കടുവയാണിതെന്നും ഇത്തരത്തിൽ ഇനിയും ആവർത്തിച്ചാൽ സ്ഥലവാസികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നുമാണ് വനംവകുപ്പ് അറിയിച്ചത്. കടുവയെ പിടിക്കാൻ നിലവിൽ അഞ്ചിടത്ത് കൂട് സ്ഥാപിക്കുകയും താപ്പാനകളെ വരുത്തി തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. കണ്ടെത്തിയാൽ മയക്കുവെടി വച്ച് പിടികൂടി കഴുത്തിലെ മുറിവ് ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ ശ്രമം.