
റിയാദ്: ഗൾഫിലെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സി സുപ്രീം കൗൺസിലിന്റെ 42ാമത് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. സൗദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി കീരിടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. റിയാദിലെ ദറഇയ കൊട്ടാരത്തിലാണ് യോഗം നടക്കുന്നത്. ഗൾഫ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തി, ഏകീകൃത ഗൾഫ് എന്ന ആശയം നടപ്പിൽ വരുത്തുന്നതിനെ കുറിച്ച് 42ാം ഉച്ചകോടി ചർച്ച ചെയ്യും. ഏകീകൃത ഗൾഫ് എന്ന ആശയത്തിലൂന്നി എല്ലാ രംഗങ്ങളിലും ദൃഢമായ സഹകരണം പ്രാവർത്തികമാക്കുകയാണ് ഉച്ചകോടിയുടെ മുഖ്യലക്ഷ്യം.