
വയനാട്: ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു. പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർ കുറുക്കൻമൂലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്.
'കഴിഞ്ഞ പതിനാറ് ദിവസമായി ഞങ്ങൾക്കാർക്കും ഉറക്കമില്ല. ഇന്നലെ മാത്രമാണ് കടുവ വളർത്തുമൃഗങ്ങളെ പിടിക്കാതിരുന്നത്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും കിട്ടുന്നുണ്ട്.'- പ്രദേശവാസി പറഞ്ഞു. ഇതുവരെ പ്രദേശത്തെ പതിനഞ്ചോളം വളർത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.
വനംവകുപ്പ് ഇന്നലെ കടുവയുടെ ചിത്രം പുറത്തുവിട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കുറുക്കൻമൂലയിലെ വഴിയിലൂടെ കടുവ നടക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. ഈ മുറിവ് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. സാധാരണഗതിയിൽ പരിക്കേറ്റതോ, ഇരതേടാൻ കഴിയാത്ത അവസ്ഥയിലോ ഉള്ള കടുവകളാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നത്.