
തിരുവനന്തപുരം: സർക്കാരിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പി ജി ഡോക്ടർമാരുടെ സ്‌റ്റൈപെൻഡ് കൂട്ടുകയെന്നത് അസാദ്ധ്യമാണെന്ന് ധനവകുപ്പ്. മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോൾ പരിശോധിക്കാമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട ഫയൽ ധനവകുപ്പ് ആരോഗ്യവകുപ്പിന് തിരിച്ചയച്ചു.ഡിസംബർ 10ന് ഫയൽ വീണ്ടും ആരോഗ്യവകുപ്പ് ധനവകുപ്പിലേക്ക് അയച്ചെങ്കിലും മറുപടി നൽകിയിട്ടില്ല. കേരളത്തിൽ ഒന്നാം വർഷ പി ജി ഡോക്ടർമാർക്ക് 55,120 രൂപയാണ് സ്‌റ്റൈപെൻഡ് നൽകുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ 48,000 രൂപയേ നൽകുന്നുള്ളൂവെന്നും ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പി ജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സമരക്കാരുടെ നിലപാട്. സമരം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവർത്തിക്കുകയാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഉന്നതതല ഔദ്യോഗിക ചർച്ച നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും, ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ല.