
ചെർപ്പുളശ്ശേരി: രണ്ടരവയസുകാരനായ മകനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം യുവതി ജീവനൊടുക്കി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന്റെ വാതിലുകൾ അടച്ച് കുട്ടിയെ സാരിയിൽ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്താണ് ജയന്തി തൂങ്ങിമരിച്ചത്. ബഹളംകേട്ടെത്തിയ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലമാണ് കുട്ടി രക്ഷപ്പെട്ടത്. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും.
കുഞ്ഞിന് ചെറിയ ചലനം ഉണ്ടെന്ന് മനസിലായതോടെ താഴെയിറക്കി പ്രഥമശുശ്രൂഷ നൽകി. അതിനുശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തുക്കുകയായിരുന്നു. ജ്യോതിഷ്‌കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു ജയന്തി താമസിച്ചിരുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.