leena-nair

മുംബയ്: ഫാഷൻ രംഗത്തെ പ്രശസ്ത ഫ്രഞ്ച് കമ്പനിയായ ഷനെൽ ഗ്രൂപ്പിന്റെ ആഗോള സി ഇ ഒ ആയി മുംബയ് മലയാളി ലീന നായരെ നിയമിച്ചു. യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് മാനേജറായി പ്രവർത്തിക്കുകയായിരുന്നു ലീന. ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യൻ വനിതയുമാണ് 52കാരിയായ ലീന നായർ. പെപ്സിക്കോയുടെ സി ഇ ഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ വനിത.

ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ലീന നായരുടെ ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്.

ലീന നായർ സി ഇ ഒ ആയി എത്തുന്നതോടെ കമ്പനി സ്ഥാപകൻ കൂടിയായ അലൻ വെർത്തീമർ ആഗോള എക്സിക്യൂട്ടീവ് ചെയർമാനാകും.

ലീന നായരുടെ കടന്ന് വരവ് കമ്പനിയുടെ ദീർഘനാളത്തെ ഭാവിക്ക് അനുയോജ്യമാണെന്നും ഫാഷൻ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ഷനെലിന്റെ വളർച്ചക്ക് ഒരു മുതൽക്കൂട്ടാകുമെന്നും കമ്പനി പത്രകുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ മുൻനിര ബിസിനസ് സ്കൂളുകളിലൊന്നായ സേവ്യർ സ്കൂൾ ഒഫ് മാനേജ്മെന്റിൽ നിന്ന് ഗോൾഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാൻ യുണിലിവറിലെ ജീവനക്കാരിയാകുന്നത്. അന്ന് തൊട്ട് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ലീന, യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ്.

ഷനെലിന്റെ ആഗോള സി ഇ ഒ ആയി നിയമിതയായതിൽ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയിൽ സ്വാതന്ത്ര്യം നൽകുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഷനെലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായർ പറഞ്ഞു.