
ഭൂരിഭാഗം ഇന്ത്യക്കാരെയും സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചായ. പാൽചായ ആയാലും കട്ടനായാലും നല്ല കടുപ്പത്തിൽ ആവണം എന്നതും നിർബന്ധമാണ്. കുറഞ്ഞത് രണ്ടുനേരമെങ്കിലും നല്ല കടുപ്പത്തിൽ ചായ കുടിക്കാത്തവർ ഇന്ത്യയിൽ കുറവാണ്. അതുകൊണ്ടുതന്നെ ഒരു പാനീയം എന്നതിനപ്പുറം ചായ എന്നത് പലർക്കും ഒരു വികാരമാണ്.
എന്നാൽ തന്റെ മകളെ ചായയുണ്ടാക്കാൻ പഠിപ്പിച്ച് ആകെ കുഴപ്പത്തിലായിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഡോ.സഞ്ജയ് ഗുപ്ത. അമേരിക്കയിൽ ന്യൂറോ സർജനായ അദ്ദേഹം ടെലിവിഷൻ അവതാരകനും കൂടെയാണ്. സി.എൻ.എന്നിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് മകളെ ചായയുണ്ടാക്കാൻ പഠിപ്പിക്കുന്ന മൂന്നര മിനിറ്റ് നീളമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ സഞ്ജയ് പറയുന്നത് തന്റെ അമ്മ ഉണ്ടാക്കാൻ പഠിപ്പിച്ച ചായയാണ് മകളെയും പഠിപ്പിക്കുന്നത് എന്നാണ്. അമ്മ ഉപയോഗിച്ചിരുന്ന ചായക്കപ്പുകളാണ് വീഡിയോയിൽ ചായ കുടിക്കാനായി ഉപയോഗിച്ചിരിക്കുന്നതെന്നും സഞ്ജയ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ടീ ബാഗ് ഉപയോഗിച്ചാണ് സഞ്ജയ് ചായ ഇടുന്നത്. സാധാരണ ഇന്ത്യക്കാർ ലൂസായി വാങ്ങുന്ന ചായപ്പൊടിയാണ് ഉപയോഗിക്കുന്നതെന്ന് നിരവധി കമന്റുകൾ വന്നിരുന്നു. എന്നാൽ ചായയുടെ ആരാധകരെ ഏറെ വേദനിപ്പിച്ചത് ഇതൊന്നുമല്ല നല്ല കടുപ്പമുള്ല ചായക്കു പകരം കടുപ്പം കുറച്ച് പാലിന്റെ അളവ് കൂട്ടിയ ചായയാണ് സഞ്ജയുടെ മകൾ ജഗ്ഗിൽ നിന്നും ഗ്ലാസിലേക്ക് പകർന്നത് എന്നതായിരുന്നു.
നിരവധിപേരാണ് വീഡിയോ റീട്വീറ്റ് ചെയ്ത് ഇന്ത്യക്കാരുടെ ചായ ഇങ്ങനെയല്ല എന്ന് കമന്റ് ചെയ്തത്.