
താമരശേരി: എൻജിനിയർ ചമഞ്ഞ് കടയുമടയിൽ നിന്നും ഏഴര ലക്ഷത്തിന്റെ കമ്പി തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി. കണ്ണൂർ താവക്കര സമീർ കോട്ടേജിൽ ദിജിൽ സൂരജാണ് (34) കഴിഞ്ഞദിവസം അറസ്റ്റിലായത്. കോരങ്ങാട് സിമന്റ് ഹൗസ് ഉടമ അബ്‌ദുൾ ബഷീറിന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
എൻജിനിയർ ആണെന്ന വ്യാജേന കഴിഞ്ഞമാസം 27നാണ് ഇയാൾ അബ്ദുൾ ബഷീറിന്റെ സ്ഥാപനത്തിലെത്തി വാർപ്പിനുള്ള കമ്പിക്ക് ഓർഡർ കൊടുത്തത്. അമ്പതിനായിരം രൂപ നേരിട്ടും ബാക്കി തുകയ്‌ക്കുള്ള ചെക്കുമാണ് നൽകിയത്. പറഞ്ഞുറപ്പിച്ച തീയതിയിൽ സ്ഥാപനമുടമ വീട് പണി നടക്കുന്ന ഒരു സ്ഥലത്ത് പത്തര ടണ്ണോളം കമ്പികൾ കൊണ്ടിറക്കിയിരുന്നു.
എന്നാൽ, രാത്രിയോടെ തൊഴിലാളികളെ ഉപയോഗിച്ച് ഈ കമ്പികളെല്ലാം പ്രതി ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് ഉടമയ്‌ക്ക് സംശയം തോന്നിയതും സ്ഥലത്തെത്തി പരിശോധിച്ചതും. കമ്പികൾ കാണാതായതോടെയാണ് അബ്‌ദുൾ ബഷീർ പൊലീസിൽ പരാതി നൽകിയത്.
തട്ടിയെടുത്ത കമ്പികൾ വയനാട്ടിലെ ഒരു കടയിൽ വർക്ക്സൈറ്റിൽ ബാക്കിയായതെന്ന് പറഞ്ഞ് പറ്റിച്ച് വില കുറച്ച് വിൽക്കുകയായിരുന്നു. ഉടമയിൽ നിന്നും മൂന്നു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ബാക്കി തുക നൽകണമെന്നും പറഞ്ഞാണ് മടങ്ങിയത്. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ഗോവയിലും കോയമ്പത്തൂരുമെല്ലാം കറങ്ങി നടന്ന ശേഷം മലപ്പുറത്തെത്തി ലോഡ്‌ജിൽ താമസിക്കവേയാണ് പൊലീസ് പിടികൂടുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി മറ്റു സ്ഥാപനങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയതായി താമരശേരി പൊലീസ് പറഞ്ഞു. സൂരജ് സ്‌മാർട്ട് ബിൽഡേഴ്സ് എന്ന പേരിലാണ് പലരിൽ നിന്നും സാധനങ്ങളും തുകയും കൈപ്പറ്റിയിരിക്കുന്നത്. ചാരായം വാറ്റിയ കേസിൽ പ്രതി ഒന്നരവർഷത്തോളം വിദേശത്ത് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.