
ഇടുക്കി: കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ അനീഷ് ജോസഫിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. വൈകിട്ട് 5.30ന് കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകൾ നടക്കും.
ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ബി എസ് എഫ് ജവാനായ അനീഷ് വീരമൃത്യുവരിച്ചത്. തിങ്കളാഴ്ച രാത്രി കാശ്മീർ അതിർത്തിയിലെ ബാരമുള്ളയ്ക്ക് സമീപം കാവൽ ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്.
ചൂട് നിലനിറുത്താൻ ഉപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റർ പൊട്ടിത്തെറിച്ച് ടെന്റിന് തീ പിടിച്ചെന്നാണ് നിഗമനം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 15 അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. പൊള്ളലേറ്റ അനീഷിന് വീഴ്ചയിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നുള്ളത് കുട്ടിക്കാലം മുതലുള്ള അനീഷിന്റെ ആഗ്രഹമായിരുന്നു. ഇരുപത്തിയേഴാം വയസിൽ ആ അഗ്രഹം സഫലമായി. ഈ മാസം അവസാനത്തോടെ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് വരാനിക്കവേയാണ് അന്ത്യം. അടുത്തിടെയാണ് കൊച്ചുകാമാക്ഷിയിലെ തന്റെ വീട് മോടിപിടിപ്പിച്ചത്. ഒക്ടോബറിൽ അനീഷ് നാട്ടിലെത്തിയിരുന്നു. ഈ സമയം വീടിന്റെ രണ്ടാം നിലയുടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു.