
ന്യൂയോർക്ക്: ജനുവരി 18ന് മുമ്പ് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും എടുക്കാത്ത ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കാൻ ഗൂഗിൾ തീരുമാനം. ഇത്തരം ജീവനക്കാർ വ്യക്തമായ കാരണം അറിയിക്കാത്തപക്ഷം അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റ് അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഇടയിൽ വിതരണം ചെയ്ത സർക്കുലറിലാണ് ആൽഫബറ്റ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്.
ഡിസംബർ മൂന്നിന് മുമ്പായി എല്ലാ ജീവനക്കാരും വാക്സിൻ എടുത്തോ ഇല്ലയോ എന്ന് അറിയിക്കണമെന്നും വാക്സിൻ എടുത്തതിന്റെ രേഖകൾ തെളിവായി ഹാജരാക്കണമെന്നും ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപരമായതോ മതപരമായതോ ആയ കാരണങ്ങളാലാണ് വാക്സിൻ എടുക്കാത്തിരിക്കുന്നതെങ്കിൽ അതിനുള്ള തെളിവും ഹാജരാക്കണം. ഡിസംബർ മൂന്നിന് മുമ്പായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ജീവനക്കാരെയും അപ്‌ലോഡ് ചെയ്ത വിവരങ്ങൾ തള്ളിക്കളഞ്ഞവരേയും ഗൂഗിൾ ബന്ധപ്പെടുകയും അത്തരക്കാർക്ക് ജനുവരി 18 വരെ വാക്സിൻ എടുക്കാനുള്ള അവസരം നൽകുകയും ചെയ്യും.
ജനുവരി 18ന് ശേഷവും വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് ഒരു മാസത്തേക്ക് ശമ്പളത്തോടെയുള്ള അവധിയും അതിനു ശേഷം ആറു മാസത്തേക്ക് ശമ്പളം ഇല്ലാതെയുള്ള നിർബന്ധിത അവധിയും നൽകും. തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്നും കമ്പനിയുടെ സർക്കുലറിൽ സൂചിപ്പിക്കുന്നു.
ഡിസംബർ മുതൽ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കി കൊണ്ട് വരാൻ ഗൂഗിളിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഒമിക്രോൺ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ജീവനക്കാരെ തിരിച്ചുകൊണ്ടു വരുന്ന കാര്യം അനിശ്ചിതമായി ഗൂഗിൾ നിർത്തിവച്ചിരിക്കുകയാണ്.