
കൊവിഡിനെക്കുറിച്ചുള്ള ഭയം ഒട്ടൊന്നു ശമിച്ചു തുടങ്ങിയതോടെ ജനജീവിതം അതിന്റെ സാധാരണ താളത്തിലേക്ക് മെല്ലെ മടങ്ങുകയാണ്. നിയന്ത്രണങ്ങൾ കുറച്ചൊക്കെ ഇപ്പോഴുമുണ്ടെങ്കിലും അവയ്ക്കുള്ളിൽ നിന്ന് കൊണ്ട് പണ്ടേപ്പോലെ പൊതുപരിപാടികളും ഒത്തുചേരലുകളും സാർവത്രികമാവുകയാണ്. ഉദ്ഘാടനങ്ങൾ, അഭിനന്ദനയോഗങ്ങൾ, സെമിനാറുകൾ എന്നിവയൊക്കെ തിരികെയെത്തി. വൈകുന്നേരങ്ങളിൽ അനേകം ഹാളുകളിൽ ഉച്ചഭാഷിണികൾ ശബ്ദിക്കാൻ തുടങ്ങി. ഏതാണ്ട് ഒന്നേമുക്കാൽ വർഷം അനുഭവിച്ച ശ്വാസംമുട്ടൽ ശമിച്ചുതുടങ്ങി. മാസ്ക് ധരിച്ചിട്ടാണെങ്കിലും ഒത്തുകൂടാനുള്ള സന്ദർഭങ്ങൾ നമ്മുടെ മനസുകളിൽ ഒരു പ്രീതിഭാവം ജനിപ്പിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോഴേ മനുഷ്യജീവിതത്തിനു അർത്ഥമുണ്ടാകുന്നുള്ളൂ.
കൊവിഡ് നിർബന്ധിച്ചു തന്നുപോയ ഏകാന്തതയിൽ സാമൂഹ്യമായി കുറെയൊക്കെ ഒറ്റപ്പെട്ടവരിൽ പലരും അവരുടെ വാസനയ്ക്കും കഴിവിനും അനുസൃതമായി കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി. യൂട്യൂബ് വഴി സ്വന്തം നൃത്തവും സംഗീതവും കവിതകളും, പ്രഭാഷണങ്ങളുമൊക്കെ മറ്റുള്ളവരുമായി പങ്കുവച്ചാണ് പലരും ആ ഏകാന്ത ഭീകരമായ മാസങ്ങളെ മെരുക്കിയത്. എഴുത്തുകാരും ആ കാലയളവ് നന്നായി വിനിയോഗിച്ചു. അതിന്റെ പരിണതി ഇപ്പോഴാണറിയുന്നത്. ഒരുപാട് പുസ്തകങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കവിത, നോവൽ, വൈജ്ഞാനിക സാഹിത്യം, ലേഖനങ്ങൾ, പഠനങ്ങൾ എന്നിങ്ങനെ വിവിധ ശാഖകളിൽ നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
പുസ്തകവില്പന മോശമാണെന്നൊക്കെ പ്രസാധകർ പറയുന്നുണ്ടെങ്കിലും, കൊവിഡ് കാലത്ത് ഓൺലൈൻ വില്പന പൂർവാധികം വർദ്ധിച്ചു എന്ന പരമാർത്ഥം അവഗണിച്ചുകൂടാ. മുമ്പൊക്കെ മലയാളം പുസ്തകങ്ങളുടെ ഓൺലൈൻ വില്പന പരിമിതമായിരുന്നെങ്കിൽ, കൊവിഡ് കാലം സമ്മാനിച്ച സമയ ധാരാളിത്തം പലരെയും വായനയിലേക്ക് തിരികെയെത്തിച്ചു. അങ്ങനെ ഓൺലൈൻ പുസ്തകവിപണി ഇപ്പോൾ സജീവമായി. പുസ്തക മേളകളും ഫെയറുകളും പുനരാരംഭിക്കുന്നതും ശുഭവാർത്ത തന്നെ. കോളേജുകളും സ്കൂളുകളും ലൈബ്രറികളും പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങുന്നതോടെ ഈ മേഖല പൂർവസ്ഥിതി വീണ്ടെടുക്കുക തന്നെ ചെയ്യും.
കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ പുസ്തകപ്രകാശന ചടങ്ങുകളുടെ എണ്ണവും വർദ്ധിക്കും. ഇപ്പോൾ ഒരു വാരം നടക്കുന്ന സായാഹ്ന പരിപാടികളിൽ മുപ്പതു ശതമാനവും പുസ്തകപ്രകാശനച്ചടങ്ങുകളാണ്. പ്രകാശനച്ചടങ്ങുകൾ ഏതൊരെഴുത്തുകാരന്റെയും പ്രിയപ്പെട്ട സായാഹ്നങ്ങളാണ്. എഴുത്തുകാരനെക്കുറിച്ച് പ്രഭാഷകർ കുറച്ചൊന്നു മനസിലാക്കിവന്ന് സംസാരിക്കുന്നു. ശ്രോതാക്കൾക്കിടയിൽ ആ ഗ്രന്ഥകർത്താവിന്റെ രചനാജീവിതം (അന്നത്തേയ്ക്കെങ്കിലും) ആലോചനാവിഷയമാകുന്നു.
തന്റെ അദ്ധ്വാനത്തിന് ഏതോ വിധത്തിൽ അംഗീകാരം കിട്ടിയതായി
രചയിതാവിന് അനുഭവപ്പെടുന്നു. പുസ്തകപ്രകാശനച്ചടങ്ങുകൾക്ക് നമ്മുടെ നാട്ടിൽ പരിചിതമായ ഒരു വ്യാകരണമുണ്ട്. പകിട്ടുള്ള പേപ്പറിൽ (പലപ്പോഴും സെല്ലോടേപ്പ് കൊണ്ട് അതിഭദ്രമായി) പൊതിഞ്ഞ പുസ്തകം ഒരതിഥി മറ്റൊരതിഥിക്ക് നല്കിക്കൊണ്ട് പുസ്തകത്തിന്റെ പ്രമുക്തി നിർവഹിക്കുന്നു. അവർ രണ്ടു പേരും സംസാരിക്കുന്നു. അതിനു മുൻപോ പിൻപോ പുസ്തകത്തെ മറ്റൊരാൾ പരിചയപ്പെടുത്തുന്നു. രണ്ടോ മൂന്നോ പേർ
അനുമോദനപ്രഭാഷണങ്ങൾ നടത്തുന്നു. ഒടുവിൽ എഴുത്തുകാരൻ കൃതജ്ഞത പറയുന്നു. വന്നവരിൽ കുറച്ചുപേർ അന്ന് പ്രത്യേക കിഴിവിൽ കിട്ടുന്ന പുസ്തകം വാങ്ങുന്നു; വാങ്ങിയവരിൽ കുറച്ചുപേർ വായിക്കുന്നു. ഈ ക്രമീകരണത്തിനു എന്തെങ്കിലും ന്യൂനതയുണ്ടെന്നല്ല. എങ്കിലും പുസ്തകപ്രകാശന ചടങ്ങുകൾ കൂടുതൽ അർത്ഥപൂർണമാക്കാൻ സാധിക്കും. നിലവിൽ നാം പിന്തുടരുന്ന രീതിയിൽ ഔപചാരികതയ്ക്കാണ് പ്രാധാന്യം. മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നോ എന്നതാണ് പരിപാടിയുടെ വിജയത്തിന്റെ അളവുകോൽ. ഗൗരവപൂർണമായ ചർച്ചകൾക്കോ ആശയവിനിമയത്തിനോ വിമർശനങ്ങൾക്കോ ഇപ്പോഴത്തെ പുസ്തകപ്രകാശനച്ചടങ്ങിൽ ഇടമില്ല. ഏതെങ്കിലും ഒരെഴുത്തുകാരനോ, പ്രസാധകനോ ഈ ചട്ടക്കൂട് ഭേദിച്ച് കൂടുതൽ ആശയപ്രകാശനക്ഷമതയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കണം. ഇപ്പോൾ
ഇവ കേവലം ചടങ്ങുകളാണ്. (ചടങ്ങുകളാണ് നമുക്കിഷ്ടം. ആർക്കും വലിയ ജോലിയില്ല; പ്രഭാഷകർക്കും, ശ്രോതാവിനും.) നിർദ്ദേശിക്കപ്പെടുന്ന പുതിയ ശൈലിയിലെ പുസ്തകപരിചയ പരിപാടിയിൽ ഗ്രന്ഥകർത്താവ് സ്വന്തം രചന അവതരിപ്പിക്കട്ടെ. അതിലെ പ്രധാന ഭാഗങ്ങൾ സ്വയം വായിക്കട്ടെ; അല്ലെങ്കിൽ മറ്റാരെയെങ്കിലും കൊണ്ട് വായിപ്പിക്കട്ടെ. പുസ്തകത്തെക്കുറിച്ച്
ചൂടുള്ള ചർച്ചകൾ നടക്കട്ടെ. പരിപാടി കഴിയുമ്പോൾ ശ്രോതാക്കൾക്ക്
പുസ്തകത്തെക്കുറിച്ചു സാമാന്യം കൃത്യമായ ധാരണയുണ്ടാവും. അപ്പോൾ വാങ്ങുന്ന പുസ്തകം അവർ തീർച്ചയായും വായിക്കും. തുടർചർച്ചകൾ മറ്റു വേദികളിലും നടന്നെന്നിരിക്കും. അതല്ലേ ഒരു പുസ്തകം അർഹിക്കുന്നത്? ഉപരിപ്ലവ പ്രശംസയേക്കാൾ ആത്മാർത്ഥ വിമർശനത്തിനല്ലേ മൂല്യം? തന്റെ പുസ്തകത്തെക്കുറിച്ചു നല്ലതു മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന പ്രലോഭനത്തിൽ നിന്ന് ഗ്രന്ഥകർത്താക്കൾ മോചിതരാകേണ്ടേ ? അങ്ങനെ വരുമ്പോൾ പ്രഭാഷകർ ലാഘവത്വത്തോടെ വന്ന് എന്തെങ്കിലും പൊതു
സുഭാഷിതങ്ങൾ പറഞ്ഞിട്ടങ്ങു പോവുകയില്ല. അവർ പഠിച്ചു വരും. ഇത്തരമൊരു സാഹചര്യത്തിൽ രചനയിൽ കൂടുതൽ ജാഗ്രതയും
ഉത്തരവാദിത്തവും പുലർത്താൻ എഴുത്തുകാർ ബാധ്യസ്ഥരാവും. അത്
നമ്മുടെ പുസ്തകങ്ങളുടെ ഗരിമ വളർത്തും. ചടങ്ങിൽ നിന്ന്
ചർച്ചയിലേക്കുള്ള പുസ്തകപ്രകാശന പരിപാടികളുടെ വളർച്ച
ഊഹിക്കാവുന്നതിലും വലിയ മാറ്റങ്ങളുടെ രാസത്വരകമാവുകതന്നെ
ചെയ്യും.