it

ന്യൂഡൽഹി: ജനുവരി മുതൽ 45 വയസിന് താഴെയുള്ള ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം ഭാഗികമായി നിർത്തലാക്കാൻ രാജ്യത്തെ മുൻനിര ഐ ടി കമ്പനികൾ. ഘട്ടംഘട്ടമായി ജീവനക്കാരെ ഓഫീസിൽ മടക്കികൊണ്ട് വരാനാണ് ഇൻഫോസിസ്, വിപ്രോ, ടി സി എസ് മുതലായ രാജ്യത്തെ മുൻനിര ഐ ടി കമ്പനികൾ പദ്ധതിയിടുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള അടുത്ത വർഷത്തെ ആദ്യ രണ്ട് ക്വാർട്ടറിൽ ഓഫീസിലെ ഹാജർ 50 ശതമാനം എത്തിക്കാനാണ് കമ്പനികളുടെ ശ്രമം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഓഫീസുകളിൽ ഇരുന്ന ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കാനാണ് തുടക്കത്തിലെ ശ്രമം.

ഐ ടി കമ്പനികളുമായി ബന്ധപ്പെ‌ട്ട ഏജൻസിയുടെ വക്താവ് പറയുന്നതനുസരിച്ച് അടുത്ത വർഷം മുതൽ കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ ഉയർത്താനുള്ള ശ്രമത്തിലാണെന്നും പരമാവധി ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തിക്കാതെ അവർക്ക് ഇതിന് സാധിക്കില്ല. വർക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമായതോടെ തൊഴിൽ സാംസ്കാരത്തിൽ ക്രമക്കേടുണ്ടായതായതായും ഇതിനാൽ ജീവനക്കാർക്ക് അധികം താമസിയാതെ തന്നെ ഓഫീസുകളിലേക്ക് മടങ്ങിയെത്തേണ്ടി വരുമെന്നും ബ്രില്ലിയോയുടെ ആഗോള തലവൻ നിതീഷ് മൂർത്തി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ഇത് മൂന്നാമത്തെ തവണയാണ് കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തിക്കാൻ പദ്ധതിയിടുന്നത്. ആദ്യത്തെ തവണ കൊവിഡിന്റെ രണ്ടാം തരംഗത്തിലും പിന്നീട് ഒമിക്രോൺ ഭീതിയിലും ഈ നീക്കം പാളിപോകുകയായിരുന്നു.