
ലക്നൗ : യു പി തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ അയോദ്ധ്യയിൽ ബി ജെ പി മുഖ്യമന്ത്രിമാരെ അണിനിരത്തി ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു. ഇന്ന് ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അയോദ്ധ്യയിൽ സന്ദർശനം നടത്തും. ഇവരെ അനുഗമിച്ചു കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എത്തും. വിശുദ്ധ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സംഘം സന്ദർശനം നടത്തും.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ആസാം, മണിപ്പൂർ, ത്രിപുര, ഗുജറാത്ത്, ഹരിയാന, ഗോവ, ബീഹാർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ബി ജെ പി ഉപമുഖ്യമന്ത്രിമാരും അയോദ്ധ്യ സന്ദർശിക്കും. 12 മുഖ്യമന്ത്രിമാരും അയോദ്ധ്യയിൽ ഒരു രാത്രി തങ്ങുകയും ചെയ്യും. ക്ഷേത്രനഗരിയിൽ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇതാദ്യമായാണ്.
"പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അഭിമാനകരവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയാണ്, കാശിയിൽ വന്നതിന് ശേഷം അത് അനുഭവിക്കാൻ കഴിയും. ഇന്ത്യ ബഹുമുഖ വികസനം അനുഭവിക്കുകയാണ്. പ്രധാനമന്ത്രി മോദി വികസനത്തിന് പുതിയ ദിശാബോധം നൽകി. ഞങ്ങൾ പുതിയ ഊർജത്തോടെ അയോദ്ധ്യയിലേക്ക് പോകുമെന്ന്" സന്ദർശനത്തിന് മുന്നോടിയായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രണ്ട് ദിവസത്തെ വാരണാസി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അവിടെ വച്ച് ബി ജെ പി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അയോദ്ധ്യയിൽ സന്ദർശനം നടത്തുന്ന ബി ജെ പി മുഖ്യമന്ത്രിമാർക്കൊപ്പം പാർട്ടി ദേശീയ അദ്ധ്യക്ഷൻ നദ്ദയും എത്തും.
അയോദ്ധ്യ വിധിക്ക് ശേഷം നദ്ദയുടെ കന്നി സന്ദർശനമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.