cake

സിഡ്നി: അഞ്ചുവയസുകാരന്റെ ഗെയിംകളിയ്‌ക്കിടെ പിതാവിന് നഷ്‌ടമായത് ഏകദേശം 65,​000ത്തോളം രൂപ. ഈ പണമെല്ലാം ഉപയോഗിച്ച് കുട്ടി വാങ്ങിയതാകട്ടെ ഐസ്‌ക്രീമുകളും കേക്കുകളും പാലും മറ്റ് മധുരമുള‌ള ഭക്ഷണസാധനങ്ങളും. കുട്ടിയുടെ വമ്പൻ ഷോപ്പിംഗ് വിവരം പിതാവ് അറിയുന്നത് ഊബർ ഈറ്റ്സിൽ നിന്നും ഇതെല്ലാം തന്റെ ഓഫീസിലേക്ക് ഡെലിവറി ചെയ്യാനെത്തിയപ്പോഴും. ഏകദേശം 1200 ഡോളർ (64,900 രൂപ) വിലവരുന്ന ഓർഡറാണ് കുട്ടി ചെയ്‌തത്.

ഓസ്‌ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. പാലും ക്യാരമെല്ലും ചേർന്ന ഡെൽസ് ഡെ ലീച്ചെയുടെ 14 ജാറുകളും ഏഴ് കേക്കുകളും അഞ്ച് ബോട്ടിൽ പാലും ആറ് ബോക്‌സ് നിറയെ ഐസ്‌ക്രീമുമാണ് കുട്ടി ഓർഡർ ചെയ്‌തത്. ഊബർ ഈറ്റ്സ് വഴി ഇവ ഓഫീസിലെത്തിയതോടെ ഓഫീസിലുള‌ളവർ അന്ന് അവധിയിലായിരുന്ന കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് ഓഫിസിലെത്തി ആൾ ഓ‌ർഡർ കൈപ്പറ്റി.

ഇവയെല്ലാം വിതരണം ചെയ്‌ത ഗെലാടൊ മെസീന കമ്പനി വിവരം ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്‌തതോടെയാണ് കുട്ടിക്കുറുമ്പന്റെ വികൃതി ലോകമറിഞ്ഞത്. വിലയേറിയ ഓർഡർ പിതാവിന് ഓഫീസിലെ ജീവനക്കാർക്ക് തന്നെ വിതരണം ചെയ്‌ത് തീർക്കേണ്ടി വന്നു. സംഭവം വൈറലായതോടെ കുട്ടിയെ അച്ഛൻ ശിക്ഷിച്ചിരിക്കുമോ എന്ന ആശങ്കയും പോസ്‌റ്റ് കണ്ടവർ പങ്കുവച്ചു.