belly-fat

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ പലരും വിട്ടുപോകുന്നത് സ്വന്തം ശരീര സംരക്ഷണമാണ്. ഇതിനിടയിൽ ശരീരഭാരം കൂടുന്നതും വയറുചാടുന്നതും പലരും അറിയാറില്ല. ഫലമായി ഉണ്ടാകുന്നതോ? അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും. എന്നാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം വയർ കുറയ്ക്കാൻ സാധിക്കുന്നില്ലെന്നതാണ്. എന്തൊക്കെ ചെയ്തിട്ടും പ്രയോജനമില്ലെന്നാണ് പലരും പരാതിപ്പെടുന്നത്. ജിമ്മുകളിലും മറ്റും പോയി കഠിന പരിശ്രമങ്ങൾ നടത്തിയിട്ടും വയർ അതേപ്പടി കാണപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മനസിലാക്കണം. വർക്ക് ഔട്ടിനോടൊപ്പം കൃത്യമായ ഡയറ്റ് കൂടി പാലിച്ചെങ്കിൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.

വയറ് കുറയ്ക്കാൻ എന്തെങ്കിലും കഴിച്ചിട്ട് കാര്യമില്ല. കൃത്യമായ ഭക്ഷണം കൃത്യമായ അളവിൽ കൃത്യമായ സമയത്ത് തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. അതിന് സഹായിക്കുന്ന മികച്ച നാല് ഭക്ഷണത്തെക്കുറിച്ചറിയാം. ഇവ നിങ്ങളെ സഹായിക്കുമെന്നുറപ്പാണ്.

1. യോഗർട്ട്

yogurt

യോഗർട്ടാണ് ഈ പട്ടികയിൽ ഒന്നാമൻ. വീടുകളിൽ തയ്യാറാക്കാവുന്നതോ അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാവുന്നതോ ആണ്. എന്നാൽ കൃത്രിമ പദാർത്ഥങ്ങൾ ചേരാത്തവയാണെന്ന് ഉറപ്പാക്കണം. യോഗർട്ട് വയർ കുറയ്ക്കുന്നതിന് ഏറെ അനുയോജ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഫ്രൂട്ട്‌സോ നട്ട്‌സോ ചേ‌ർത്ത് കഴിക്കുന്നത് കൂടുതൽ സ്വാദിഷ്ടമാക്കും.

2. ഉപ്പുമാവ്

uppumavu

നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനികളിൽ ഒന്നാണ് ഉപ്പുമാവ്. കാരറ്റും ബീൻസും ഉള്ളിയും പച്ചമുളകും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ഉപ്പുമാവിന് സ്വാദ് ഒന്നുവേറെ തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാനാവുമെന്നതിനാൽ ഇതിന് ആരാധകരും ഏറെയാണ്. ഉപ്പുമാവ് ഫൈബറിനാൽ സമ്പന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണെന്നതിനാൽ വയർ കുറയ്ക്കാൻ പണിപ്പെടുന്നവരെ ഉപ്പുമാവ് സഹായിക്കുമെന്ന് തീർച്ച.

3. മുട്ട

egg

പ്രോട്ടീനും വൈറ്റമിനുകളും അയണും ധാതുക്കളുമെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് മുട്ട. കുറഞ്ഞ അളവിൽ കൊഴുപ്പും ഇതിലുണ്ട്. രോഗങ്ങളെ ചെറുക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രം കൂടിയാണ് മുട്ട. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും വയർ കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും മുട്ട നല്ലൊരു ഓപ്ഷനാണ്. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കാർബും ഫാറ്റും കുറവായതിനാൽ വിശപ്പ് ശമിപ്പിക്കാനും മുട്ട സഹായിക്കും.

4. ഓട്‌സ്

oats

ശരീരഭാരവും വയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഓ‌ട്‌സ്. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയംകൊണ്ട് ഇത് തയ്യാറാക്കാം. വളരെയധികം ആരോഗ്യഗുണങ്ങൾ ഓട്‌സിൽ അ‌ടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല. ഫൈബറിനാൽ സമ്പന്നവുമാണ്. ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവ ചേർത്ത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.