sudan-

ജുബ : ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ അജ്ഞാത രോഗം പടരുന്നു. ഇതുവരെ നൂറോളം പേർ ദൂരൂഹമായ അസുഖത്തിന് കീഴടങ്ങി മരണപ്പെട്ടതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സ്റ്റേറ്റിലെ ഫംഗാക്കിലാണ് രോഗം പടരുന്നത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് ഇതുവരെയും രോഗം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ ടാസ്‌ക് ഫോഴ്സിനെ അടിയന്തരമായി ലോകാരോഗ്യ സംഘടന അയച്ചു. രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന സൂചന അനുസരിച്ച് രോഗം ബാധിച്ചവരിൽ കോളറയുടെ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

ദക്ഷിണ സുഡാനിൽ കുറച്ച് ദിവസങ്ങളായി കടുത്ത വെള്ളപ്പൊക്കമാണ്. അതിനാൽ ടാസ്‌ക് ഫോഴ്സിനെ ഹെലികോപ്ടറിലാണ് ഡബ്ള്യൂ എച്ച് ഒ അയച്ചിട്ടുള്ളത്. രാജ്യത്ത് 89 പേർ അജ്ഞാത രോഗത്താൽ മരണപ്പെട്ടു എന്നാണ് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിക്കുന്ന ഷീല ബയ ബിബിസിയോട് പറഞ്ഞത്. രാജ്യത്ത് ഉണ്ടായ വെള്ളപ്പൊക്കം 700,000ത്തിലധികം ആളുകളെ ബാധിച്ചതായാണ് കണക്ക്കൂട്ടുന്നത്. കഴിഞ്ഞ അറുപത് വർഷങ്ങൾക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജനം ഭക്ഷണത്തിനും മരുന്നടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. മലേറിയ പോലുള്ള രോഗങ്ങളും ഇവിടെ കൂടുതലായി ഇപ്പോൾ പടരുന്നുണ്ട്.