cricket

മുംബയ്: ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഏകദിന മത്സരങ്ങളിൽ നിന്ന് വിട്ട്നിൽക്കാനുള്ള വിരാട് കൊഹ്‌ലിയുടെ തീരുമാനം പുനപരിശോധിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും തേടി ബി സി സി ഐ. വിരാട് കൊഹ്‌ലിയും രോഹിത് ശർ‌മ്മയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്നും രോഹിത്തിന്റെ കീഴിൽ കളിക്കാതിരിക്കുന്നതിനു വേണ്ടിയാണ് കൊഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിന്മാറിയതെന്നും പത്രവാർത്തകൾ ഉണ്ടായിരുന്നു. കൊഹ്‌ലിയുടെ താത്പര്യത്തിന് വിരുദ്ധമായാണ് താരത്തെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നത് പകൽ പോലെ വ്യക്തമായിരുന്നു.

എന്നാൽ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം കൊഹ്‌ലി മാസങ്ങൾക്കു മുമ്പേ ബി സി സി ഐയെ അറിയിച്ചിരുന്നുവെന്ന് ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നു. ജനുവരിയിൽ മകളുടെ ആദ്യ ജന്മദിനമായതിനാൽ അതിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കൊഹ്‌ലി ഏകദിന പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ കൊഹ്‌ലി ഈ തീരുമാനം അധികൃതരെ അറിയിക്കുമ്പോൾ ഏകദിന ക്രിക്കറ്റ് ക്യാപ്ടൻ പദവിയിൽ നിന്ന് താരത്തെ മാറ്റുന്നതിനെ കുറിച്ച് ബി സി സി ഐയോ സെലക്ടർമാരോ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.

ഇപ്പോൾ കൊഹ്‌ലിയെ എങ്ങനെയെങ്കിലും ഏകദിന പരമ്പരയ്ക്ക് കൂടി പിടിച്ച് നിർത്തി ടീമിൽ പ്രശ്നങ്ങളില്ലെന്ന് കാണിക്കേണ്ട ബാദ്ധ്യതയിലാണ് ബി സി സി ഐയും സെലക്ടർമാരും. ഇല്ലെങ്കിൽ കൊഹ്ലിക്ക് കീഴിൽ മികച്ച രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഏകദിന ടീമിൽ അനാവശ്യ മാറ്റങ്ങൾ വരുത്തി താറുമാറാക്കിയെന്ന പഴി കൂടി സൗരവ് ഗാംഗുലി നേതൃത്വം നൽകുന്ന ബി സി സി ഐ കേൾക്കേണ്ടി വരും. എന്നാൽ ഏകദിന പരമ്പരയ്ക്ക് നിൽക്കാൻ കൊഹ്‌ലി എത്രത്തോളം തയ്യാറാകുമെന്ന ചോദ്യവുമുണ്ട്. ക്രിക്കറ്റിനും കുടുംബജീവിതത്തിനും തുല്ല്യപ്രാധാന്യം നൽകുന്ന കൊഹ്‌ലി, മകളുടെ ഒന്നാം പിറന്നാളിന് വീട്ടിൽ നിന്ന് അകന്ന് നിൽക്കാൻ തയ്യാറാകില്ല.

കൊഹ്‌ലിയും രോഹിത്തും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് മാത്രമല്ല രണ്ട് പേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാണ്. രണ്ട് കളിക്കാരും തമ്മിലുള്ള സൗഹൃദത്തിൽ ബി സി സി ഐക്കും പ്രത്യേകിച്ച് സംശയങ്ങളൊന്നുമില്ല. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദം ആരാധകരെയും മാദ്ധ്യമങ്ങളെയും കൂടി ബോദ്ധ്യപ്പെടുത്തുക എന്ന ബാദ്ധ്യതയാണ് ഇപ്പോൾ ബി സി സി ഐക്ക് മുന്നിലുള്ളത്. ഈ അവസ്ഥ വരുത്തിവച്ചതും ബി സി സി ഐ ആണെന്നതിനാൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്തവും സൗരവ് ഗാംഗുലിക്കും കൂട്ടർക്കും തന്നെയാണ്.