hc-kannur-vc

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ സർക്കാരിന് താത്ക്കാലിക ആശ്വാസം. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി സിയായി തുടരാമെന്നും കോടതി വ്യക്തമാക്കി.

വൈസ് ചാൻസലറെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹർജി നൽകിയത്.

പ്രായപരിധി ഉൾപ്പടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിക്കാർ അടുത്ത ദിവസം ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. ഡിസംബർ രണ്ടിന് നടന്ന വാദത്തിനു ശേഷം കേസ് വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തന്നെ പുനർനിയമിച്ചതിൽ തെറ്റില്ലെന്ന് ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയമായി ഉപയോഗിച്ചു അതാണ് പ്രശ്നം. നീതി കിട്ടിയെന്നും, താൻ വൈസ് ചാൻസലറായിരിക്കുമ്പോൾ ചാൻസലറെപ്പറ്റി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.