
തിരുവനന്തപുരം: ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടെക്നോപാർക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് 36 കാരനായ രഞ്ജിത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരണപ്പെട്ടത്. ജനുവരി 23 നാണ് രഞ്ജിത്തിന്റെ ഇളയ മകൻ ആരിഷിന്റെ ജന്മദിനം. സുപ്രസിദ്ധ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്റെ അനുജൻ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്ത്.
മലയിൻകീഴ്- പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. നൈറ്റ് ഡ്യൂട്ടിക്ക് ബൈക്കിൽ പോവുകയായിരുന്ന രഞ്ജിത്ത് ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെ അതേ ദിശയിൽ അമിതവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് എതിർദിശയിൽ വീഴുകയും രഞ്ജിത്ത് ബസിന്റെ പുറകിലത്തെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. ടയറിനടിയിൽ കുരുങ്ങിയ രഞ്ജിത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിരുവനന്തപുരം ടെക്നോപാർക്കിലെ ഐഡയനാമിക് സോഫ്റ്റ് വെയർ കമ്പനിയിലെ ടീം ലീഡറായിരുന്നു രഞ്ജിത്ത്. മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന ശേഷം മൂന്നു വർഷം മുൻപാണ് കുടുംബസമേതം മലയിൻകീഴ് പുലരി നഗറിൽ സ്ഥലം വാങ്ങി വീട് നിർമിച്ച് താമസമാക്കിയത്. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മാറനല്ലൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ- വസന്തകുമാരി , ഭാര്യ- എൽ.ശ്രുതി ,മക്കൾ- ആർ. എസ്. ആഗ്നേയ്,ആർ. എസ്. ആരിഷ്.