
തിരുവനന്തപുരം:ബിജെപി അനുഭാവിയ്‌ക്ക് വേണ്ടി സ്‌പോർട്‌സ് കൗൺസിലിൽ അഫിലിയേഷൻ ശുപാർശ ചെയ്‌തു എന്ന ആരോപണത്തിൽ കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ച് സിപിഎം. കരാട്ടെ അസോസിയേഷൻ നേതാവാണ് ബിജെപി അനുഭാവി. ഇയാൾക്ക് വേണ്ടി ശുപാർശ ചെയ്‌തെന്ന് രക്തസാക്ഷിയായ വിഷ്‌ണുവിന്റെ കുടുംബമാണ് സതീഷിനെതിരെ പരാതിപ്പെട്ടത്.
എന്നാൽ ഇതേനേതാവിന് വേണ്ടി ശുപാർശ ചെയ്‌ത മറ്റ് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയൊന്നുമില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരണം തേടിയത്.
എന്നാൽ ഇതിന് പിന്നിൽ ജില്ലാ സെക്രട്ടറിയാണെന്ന് യോഗത്തിൽ ഐ.ബി സതീഷ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.സിപിഎം നേതാവ് വി.കെ മധു അരുവിക്കര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയതിന് പാർട്ടി നടപടിയെടുത്തിരുന്നു. ഇതിനെ ഐ.ബി സതീഷ് എതിർത്തതാണ് ഇപ്പോൾ വിശദീകരണം ചോദിക്കാൻ കാരണമായതെന്നാണ് ഒരു വിഭാഗം പറയുന്നത്.