
ലോകമെങ്ങും ക്രിസ്മസ് പുലരി വിരിഞ്ഞു. ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ക്രിസ്മസിനെ വ്യത്യസ്തമാക്കുന്നത്. ഗ്രീസിലെ ക്രിസ്തീയ ഭവനങ്ങളിലെ കുട്ടികൾ തെരുവീഥിയിലൂടെ കാരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അലങ്കരിച്ച വള്ളങ്ങളിൽ ജലയാത്ര നടത്തുന്നതും ഒരു ക്രിസ്മസ് വിനോദമാണ്. ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയങ്ങളിൽ പാതിരാകുർബാന സമയത്ത് കുർബാന അപ്പം മുറിച്ചു കൊണ്ടു നടത്തുന്ന പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
ഡെൻമാർക്കിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേക ക്രിസ്മസ് മരങ്ങളാണ് ഗ്രീൻലാൻഡിലെ ക്രിസ്മസ് ആഘോഷങ്ങളിലെ കേന്ദ്രബിന്ദു. എല്ലാ ക്രിസ്തീയ ഭവനങ്ങളിലെയും പ്രധാന വാതിലുകൾക്ക് സമീപം ക്രിസ്മസ് വാരത്തിൽ അലങ്കരിച്ച വിളക്കുകൾ തൂക്കിയിടും. ഗ്രീൻലാൻഡിലെ വിശുദ്ധയായ ലൂസിയയുടെ ഓർമ കൊണ്ടാടുന്ന ഡിസംബർ 13നാണ് പ്രധാന ക്രിസ്മസ് ആഘോഷവും. ഇവിടെ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
ഇരുപതിലേറെ ഗോത്രസഭകൾ താമസിക്കുന്ന രാജ്യമാണ് ഗ്വാട്ടാമല. ക്രൈസ്തവ വിശ്വാസികളാണ് ഇവിടെ അധികവും. ക്രിസ്മസ് ആചരിക്കുന്ന കാര്യത്തിൽ ഇവർ ഒട്ടും പിന്നിലല്ല. ക്രിസ്മസ് സദ്യ തന്നെയാണ് ആഘോഷങ്ങളുടെ മുന്നിൽ. ഒലിവെണ്ണയും കുരുമുളകും പ്രത്യേകതരം കാട്ടിലകളും ചേർന്നു തയ്യാറാക്കുന്ന കോഴിക്കറിയും പന്നിയിറച്ചിയുമാണ് ഭക്ഷണത്തിലെ പ്രധാനി. ക്രിസ്മസ് രാത്രിയിൽ ക്രിസ്മസ് ട്രീകൾക്ക് ചുറ്റുമിരുന്ന് കുടുംബപ്രാർത്ഥന നടത്തുന്ന പതിവും ഇവർ പിന്തുടരുന്നു.
ഹോങ്കോംഗിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ക്രിസ്മസ് ദിനത്തിൽ ചൈനീസ് ഭാഷയിലുള്ള കുർബാന അർപ്പണം ഉണ്ടായിരിക്കും. അടുത്ത ബന്ധുമിത്രാദികൾക്ക് ക്രിസ്മസ് കാർഡുകൾ അയയ്ക്കുക പ്രധാനമാണ്.
ഹംഗറിയിൽ ക്രിസ്മസ് അറിയപ്പെടുന്നത് 'വിശുദ്ധരാത്രി" (Holy night) എന്ന പേരിലാണ്. മത്സ്യം, കാബേജ്, ബ്രഡ്, കേക്ക് എന്നിവയാണ് ഇവിടുത്തെ ക്രിസ്മസ് വിരുന്നിലെ മുഖ്യവിഭവങ്ങൾ. പാതിരാക്കുർബാനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം കല്പിക്കുന്നവരാണ് ഹംഗറിയിലെ ക്രൈസ്തവർ. വിരുന്നിനുശേഷമായിരിക്കും വിശ്വാസികൾ ദേവാലയങ്ങളിൽ പോകുക. അടുത്തബന്ധുക്കളെ സന്ദർശിച്ച് സമ്മാനങ്ങളും ആശംസകളും കൈമാറുന്ന പതിവും ഇവിടെ കണ്ടുവരുന്നു. ക്രിസ്മസ് ഫാദറായ നികുലാസ് ഡിസംബർ ആറിന് സമ്മാനവുമായി കുട്ടികളെ സന്ദർശിക്കാൻ എത്തുമെന്നാണ് ഐതിഹ്യം.
അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും അതേ ആചാരം പിന്തുടരുന്ന ഒരു രാജ്യമാണ് അയർലൻഡ്. ഐറിഷുകാരിൽ ഏറിയ പങ്കും റോമൻ കത്തോലിക്ക വിശ്വാസികളാണ്. ജനുവരി ആറിന് നടക്കുന്ന 'എപ്പിഫാനി" പെരുന്നാളിന് അവർ വലിയ പ്രാധാന്യം കല്പ്പിക്കുന്നു.. 'ലിറ്റിൽ ക്രിസ്മസ്"എന്ന പേരിലാണ് അത് അറിയപ്പെടുന്നതുതന്നെ. രാത്രി മുഴുവൻ കത്തി നില്ക്കുന്ന മെഴുകുതിരികൾ ക്രിസ്തീയ ഭവനങ്ങളിലും ദേവാലയങ്ങളിലും ജ്വലിച്ചുനില്ക്കുന്നത് നയനമനോഹരമായ ഒരു കാഴ്ചയാണ്. 'സാൻ നിയോക്ലാസ്" എന്നാണ് ക്രിസ്മസ് ഫാദർ ഇവിടെ അറിയപ്പെടുന്നത്. വൃത്തത്തിലുള്ള പ്രത്യേകതരം കേക്കാണ് ക്രിസ്മസ് വിരുന്നിലെ മുഖ്യവിഭവം.
ക്രിസ്മസ് ക്രിബ്ബുകൾ കൂടുതലായി ഉപയോഗിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യമത്രേ ഇറ്റലി. 1025ൽ നേപ്പിൾസിൽ പ്രദർശിപ്പിച്ച ആദ്യത്തെ ക്രിസ്മസ് ക്രിബ്ബ് ഒരു ചരിത്രസ്മാരകമാണ്. പാതിരാക്കുർബാനക്കുശേഷം മാത്രമേ ഇവിടെയുള്ള ക്രൈസ്തവർ ഭക്ഷണം കഴിക്കുകയുള്ളൂ. 'എപ്പിഫാനി" പെരുന്നാളിനും ക്രിസ്തീയ സഭ വലിയ പ്രാധാന്യം കല്പ്പിക്കാറുണ്ട്. ക്രിസ്മസ് മുത്തശ്ശിയെ 'ബെഫാന" എന്നാണ് വിളിക്കുക. മുത്തശ്ശി സമ്മാനങ്ങളുമായി കുട്ടികളെ സന്ദർശിക്കുമെന്നാണ് ഐതിഹ്യം. ക്രിസ്മസ് ഫാദറായ 'ബാബോ നടിലേ" യും മുതിർന്നവർക്കും സ്ത്രീകൾക്കും ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്മസ് ദിനത്തിൽ വരുമത്രേ.
ജമൈക്ക എന്ന ചെറിയ രാജ്യവും ക്രിസ്മസ് ആഘോഷിക്കുന്നതിൽ മുന്നിലുണ്ട്. റേഡിയോ നിലയങ്ങളിലൂടെ ക്രിസ്മസ് വാരത്തിൽ തുടർച്ചയായി കരോൾ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുക എന്നതാണ് പ്രധാന പരിപാടി. ക്രിസ്മസ് വിരുന്നിന്റെ കാര്യത്തിലും ഇവർ ഒട്ടും പിന്നിലല്ല. പ്രത്യേകതരം കൂട്ടുകൾ ചേർത്തു തയ്യാറാക്കുന്ന ജമൈക്കൻ വീഞ്ഞായിരിക്കും ക്രിസ്മസ് വാരത്തിൽ നടക്കുന്ന വിരുന്നിലെ മുഖ്യ അതിഥി.
ക്രൈസ്തവർ അധികമില്ലാത്ത ജപ്പാനിലും ക്രിസ്മസ് ആഘോഷങ്ങൾ ചുരുങ്ങിയ രീതിയിൽ ആഘോഷിച്ചുവരുന്നു. ക്രിസ്മസ് ആചാരങ്ങൾ അമേരിക്കയിൽ നിന്നുമാണ് ഇവിടേക്ക് കുടിയേറിയത്. മതപരമായ ഒരു ആചാരം എന്നതിലുപരി ജനങ്ങളുടെ സന്തോഷത്തിനായുള്ള ഒരു മാർഗമായിട്ടാണ് ഇവർ ക്രിസ്മസിനെ വീക്ഷിക്കുന്നത്. ക്രിസ്മസ് ഇവിടെ ദേശീയ അവധി ദിനമല്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ കൈമാറുന്നത് ആഘോഷങ്ങളിൽ പ്രധാനപരിപാടിയത്രേ. ക്രിസ്മസ് കേക്കിനെ ഇലകൾ കൊണ്ടും പൂക്കൾകൊണ്ടും സാന്താക്ലോസിന്റെ ചിത്രങ്ങൾ കൊണ്ടും ഇവർ അലങ്കരിക്കാറുണ്ട്. ക്രിസ്മസ് സദ്യയിലെ മുഖ്യവിഭവം വറുത്ത കോഴിയിറച്ചി ആയിരിക്കും.
35 ശതമാനം മാത്രം ക്രൈസ്തവർ വസിക്കുന്ന ദേവദാരുവിന്റെ നാടായ ലബനനിൽ ക്രിബ്ബിനും ട്രീകൾക്കുമാണ് ക്രിസ്മസ് ആഘോഷങ്ങളിലെ മുഖ്യസ്ഥാനം. ദേവാലയങ്ങളിൽ പാതിരാകുർബാനയിൽ കുടുംബാംഗങ്ങൾ എല്ലാവരും നിർബന്ധമായും സംബന്ധിച്ചിരിക്കും. തലസ്ഥാനമായ ബയ്റൂട്ടിലെ മുന്തിയ ഹോട്ടലുകളിൽ സമ്പന്നരായ ക്രൈസ്തവർ ക്രിസ്മസ് പരിപാടികൾ നടത്താറുണ്ട്. പൊയിൻസെറ്രിയ, ക്രിസ്മസ് വിളക്കുകൾ, ട്രീകൾ എന്നിവ എവിടെയും കാണാം. ഭവനസന്ദർശനവും ക്രിസ്മസ് വാരത്തിലെ മുഖ്യപരിപാടിയാണ്. 'ബാബാ നോയൽ" എന്നാണ് ഇവിടെ ക്രിസ്മസ് ഫാദർ അറിയപ്പെടുന്നത്.
മഡഗാസ്കറിലെ ക്രൈസ്തവരും ചെറിയതോതിൽ ക്രിസ്മസ് ആഘോഷിക്കാറുണ്ട്. 'ഡാഡാബേ നോയിലി" ആണ് ഇവിടെ ക്രിസ്മസ് ഫാദർ. വൈകുന്നേരം അഞ്ചുമുതൽ പാതിരാത്രി വരെ വിശ്വാസികൾ ദേവാലയങ്ങളിൽ ആയിരിക്കും. ചെറിയ സമ്മാനങ്ങൾ കൈമാറുക പതിവാണ്. 'മഡഗാസ്കൻ" ക്രിസ്മസ് കാരൾ ലോകപ്രസിദ്ധമത്രേ. മുസ്ലീം രാജ്യമായ മാലിയിൽ ക്രിസ്മസ് ദേശീയ അവധി ദിനമാണ്. പള്ളിയിലാണ് ആഘോഷങ്ങൾ മുഖ്യമായി നടക്കുക. ക്രിസ്മസ് വാരത്തിൽ ഓരോ വിശ്വാസിയും 30 മണിക്കൂർ പള്ളിയിൽ ചെലവഴിച്ചിരിക്കും. ക്വയർ ഗാനങ്ങൾ ആലപിക്കും, സ്ത്രീകളും കുട്ടികളും നൃത്തം ചവിട്ടും. ഡിസംബർ 12 മുതൽ ജനുവരി ആറ് വരെയാണ് മെക്സിക്കോയിലെ ക്രിസ്മസ് ആഘോഷം. 'എപ്പിഫാനി" തിരുനാൾ ദിനമായ ജനുവരി ആറിന് കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ക്രിസ്മസ് മാലാഖയുടെ പ്രതിമ ഇവിടെയാണുള്ളത്. 2001 ജനുവരിയിൽ സെർഗിയോ റോഡ്രിഡ്ഗ്സ് നിർമ്മിച്ച പ്രതിമയ്ക്ക് 18 അടി മൂന്നിഞ്ച് ഉയരവും മാലാഖയുടെ ചിറകുകൾക്ക് 11 അടി ഒൻപതിഞ്ച് വിസ്താരവുമാണുള്ളത്.