cbr250

അഹമ്മദാബാദ്: ഗുജറാത്തിലെ വിതാൽപൂരിലെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടറിന്റെ എഞ്ചിൻ നി‌ർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഹോണ്ടയുടെ 250 സി സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളുടെ എഞ്ചിനാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. ഇന്ത്യ കൂടാതെ തായ്‌ലാൻ‌ഡ്, അമേരിക്ക, കാനഡ‌, യൂറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ, വിവിധ ഗൾഫ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ ഹോണ്ടയുടെ വാഹനനിർമാണ യൂണിറ്റുകളിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രധാനമായും ഇവിടെ നിന്നുള്ള എഞ്ചിനുകൾ നിർമിക്കപ്പെടുന്നത്.

ആദ്യ ഒരു വർഷത്തിനുള്ളിൽ 50,000 യൂണിറ്റ് എഞ്ചിനുകൾ പുതിയ പ്ളാന്റിൽ നിന്ന് നിർമിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. അതിനു ശേഷം മാർക്കറ്റിലെ ആവശ്യകത അനുസരിച്ച് ഉത്പാദനം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 135 കോടി രൂപയുടെ നിക്ഷേപമാണ് ഈയൊരു നിർമാണ യൂണിറ്റിന്റെ പ്രവർത്തനത്തിനായി ഹോണ്ട ഇറക്കുന്നത്.

ആഭ്യന്തര തലത്തിൽ എഞ്ചിൻ നി‌ർമാണം ആരംഭിക്കുന്നതിനാൽ തന്നെ രാജ്യത്ത് ഈ വിഭാഗത്തിലുള്ള ഹോണ്ട വാഹനങ്ങളുടെ വിലയിൽ വലിയ തോതിൽ കുറവുണ്ടാകും. നിലവിൽ 250 സിസിക്ക് മുകളിലുള്ള ഹോണ്ട വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ തിരിച്ചടിയാകുന്ന പ്രധാന ഘടകം അമിതവിലയാണ്. ഹോണ്ട സി ബി ആറിന്റെ 250 സിസിക്ക് വിപണിയിൽ 1.66 ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ വില വരുമ്പോൾ യമഹയുടെ സമാന വിഭാഗത്തിലുള്ള എഫ് സി 250ക്ക് 1.35 ലക്ഷവും ബജാജിന്റെ പൾസർ 250ക്ക് 1.40 ലക്ഷവും ആണ് വില വരുന്നത്. എന്നാൽ പുതിയ എഞ്ചിൻ നിർമാണ യൂണിറ്റ് വരുന്നതോടെ ഹോണ്ടയ്ക്ക് ബൈക്കിന്റെ വിലയിൽ കാര്യമായ കുറവ് വരുത്താൻ സാധിക്കും.