
കറാച്ചി: കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പാകിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കാണികൾ എത്തുന്നില്ല. ഇപ്പോൾ നടന്നുവരുന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് ട്വന്റി20 മത്സരങ്ങൾ കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്.
ഈ സാഹചര്യത്തിലാണ് കാണികളോട് സ്റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേകം അഭ്യർദ്ധിച്ച് മുൻ താരങ്ങളായ വസിം അക്രവും ഷാഹിദ് അഫ്രീദിയും രംഗത്ത് വന്നിരിക്കുന്നത്.
കൊവിഡ് വ്യാപനം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി കാണികളെ കയറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയെങ്കിലും മത്സരം കാണാൻ ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് വൻ തോതിൽ വരുന്നില്ല. 32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് മത്സരം കാണാൻ എത്തിയത് വെറും 4000 പേരാണ്. ഈ സാഹചര്യം മറിക്കടക്കാൻ സ്റ്റേഡിയത്തിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് നടപ്പിലാകാത്തത് കാണികളുടെ കുറവിന് കാരണമായിയെന്ന് കരുതുന്നു. സ്റ്റേഡിയത്തിന്റെ സമീപത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതും, കനത്ത സുരക്ഷയുമാണ് കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. ദേശീയ ടീമിന്റെ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ ഇത്രയും കുറവ് കാണികൾ എത്തുന്നത് വേദനാജനകമാണെന്ന് പിസിബി പ്രതിനിധികൾ പ്രതികരിച്ചു. ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷ.