sotiganj-market

ലക്നൗ : യു പിയിലേയും ഡൽഹി അടക്കമുള്ള സമീപ സംസ്ഥാനങ്ങളിലേയും വാഹന ഉടമകളുടെ പേടി സ്വപ്നമാണ് സോതിഗഞ്ച് മാർക്കറ്റ്. വാഹന മോഷ്ടാക്കൾ കവരുന്ന വാഹനങ്ങൾ പൊളിച്ചടുക്കി മണിക്കൂറുകൾക്കകം ഇവിടെ എത്തിക്കുന്നതോടെ പൊലീസിന് പോലും അവ കണ്ടെത്താനാവില്ല. അതിനാൽ തന്നെ ഏഷ്യയിലെ ഏറ്റവും വലിയ കള്ളക്കടത്തു കേന്ദ്രം എന്ന പേര് ചാർത്തപ്പെട്ടു ഈ മാർക്കറ്റിന്. എന്നാൽ യു പിയ്ക്ക് അപമാനമായ സോതിഗഞ്ച് മാർക്കറ്റും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാർക്കശ്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഉത്തർപ്രദേശിന്റെ ഭരണം ഏറ്റെടുത്തത് മുതൽ കുറ്റവാളികളെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടുന്നതിൽ യോഗി ഒരു പടി മുന്നിലാണ്.

സോതിഗഞ്ച് മാർക്കറ്റ്

യുപിയിലെ മീററ്റ് ജില്ലയിലെ സോതിഗഞ്ച് മാർക്കറ്റിൽ പ്രധാനമായും മോഷ്ടിച്ച കാറുകളും ഓട്ടോ പാർട്സുകളാണ് വിൽപ്പനയ്‌ക്കെത്തുക. നിസാര വിലയിൽ ഇവിടെ നിന്നും ഓട്ടോ പാർട്സുകൾ വാങ്ങുവാൻ ആളുകളെത്തുന്നതാണ് കച്ചവടക്കാരെ കൂടുതൽ സ്റ്റോക്ക് എടുക്കാൻ പ്രേരിപ്പിക്കുന്നത്. മാർക്കറ്റിൽ മുന്നൂറോളം കടകളാണ് അടുത്തടുത്തായി പ്രവർത്തിക്കുന്നത്. ഇവിടെ പതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.

1990കളിലാണ് ഇവിടെ വാഹന പാർട്സുകളുടെ വ്യാപാരം ആരംഭിച്ചത്. പിന്നീട് അത് പടർന്ന് കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. പ്രധാനമായും ഡൽഹിയിൽ സജീവമായിരുന്ന കാർ മോഷ്ടാക്കളാണ് മോഷണ മുതൽ ഇവിടെ എത്തിച്ചിരുന്നത്. യുവാക്കളിൽ വലിയൊരു വിഭാഗം തൊഴിൽ കണ്ടെത്തിയതോടെ സോതിഗഞ്ച് മാർക്കറ്റ് പതിയെ പ്രശസ്തമാവുകയായിരുന്നു. രാഷ്ട്രീയ, പൊലീസ് ഉദ്യോഗസ്ഥരുമായി വ്യാപാരികൾ സാമ്പത്തിക ബന്ധം ഉണ്ടാക്കിയതോടെ പൊലീസ് പോലും കയറാൻ മടിക്കുന്ന മേഖലയായി ഇവിടം മാറുകയായിരുന്നു. കോടികളുടെ കള്ളപ്പണ ഇടപാടുകളും ഇവിടം കേന്ദ്രീകരിച്ച് നടന്നിരുന്നു.

യോഗി ചെയ്തത്
സോതിഗഞ്ച് മാർക്കറ്റിനെ നിയന്ത്രണ വിധേയമാക്കുക എന്ന പദ്ധതിയാണ് യോഗി ആവിഷ്‌കരിച്ചത്. മാർക്കറ്റ് ഒറ്റയടിക്ക് അടച്ച് പൂട്ടി പതിനായിരങ്ങളെ വഴിയാധാരമാക്കുന്നതിന് പകരം കള്ളക്കടത്തിന് പൂട്ടിടാനാണ് യു പി സർക്കാർ തീരുമാനിച്ചത്. ഇതിനായി സിആർപിസിയുടെ സെക്ഷൻ 91 പ്രകാരം യുപി പൊലീസ് സംശയമുള്ള കടയുടമകൾക്ക് നോട്ടീസ് നൽകി. കടയുടെ ജി എസ് ടി ഉൾപ്പടെയുള്ള രേഖകൾ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. അനധികൃത വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മാർക്കറ്റിൽ 100 കടകൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ സ്റ്റോക്ക് വിശദാംശങ്ങൾ സമർപ്പിക്കുന്നത് വരെ ഒരു സാധനവും ആക്സസ് ചെയ്യാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവരെ അടിച്ചമർത്താനാണ് പൊലീസിന്റെ തീരുമാനം.

പൊലീസ് നടപടി കടുപ്പിക്കുന്നതിന്റെ സൂചന എന്നവണ്ണം മാർക്കറ്റിൽ 200ലധികം പൊലീസ് ഉദ്യോഗസ്ഥർ ഫ്ളാഗ് മാർച്ച് നടത്തി. കള്ളക്കടത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യുകയും, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് സമുച്ചയം ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ സോതിഗഞ്ച് മാർക്കറ്റ് അടച്ചുപൂട്ടിയത് യുപിയിലെ ജനങ്ങൾക്കുള്ള വ്യക്തമായ സന്ദേശമാണ്. സംസ്ഥാനത്ത് നിയമവിരുദ്ധമായ സ്ഥാപനങ്ങളെ ഒരു ദയയും കൂടാതെ അടിച്ചമർത്തും എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി യോഗി നൽകിയത്.