
സോഷ്യൽ മീഡിയ നിരന്തരം വിമർശനത്തിന് വിധേയമാകാറുണ്ട്. അതേസമയം ചില ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത് കാണാതിരിക്കാനാകില്ല. വമ്പൻ ചൈനീസ് കമ്പനിയായ ഒപ്പോയുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഒാർഗനെെസേഷൻ (ഐ.എസ്.ആർ.ഒ) ഒപ്പിട്ട ഒരു ധാരണാപത്രത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചില ചോദ്യങ്ങൾ ഒരു സാധാരണ ഇന്ത്യക്കാരനെ ചിന്തിപ്പിക്കാൻ ഉതകുന്ന പ്രസക്തമായ ചോദ്യങ്ങൾ തന്നെയാണ്. ഇന്ത്യയും ചെെനയും തമ്മിൽ അതിർത്തിയിൽ യുദ്ധത്തിലേക്ക് വഴുതിവീഴുമായിരുന്ന സംഘർഷം തുടങ്ങിയിട്ട് ഒരു വർഷവും ഏഴുമാസവും പിന്നിടുന്നു. സംഘർഷം പരിഹരിക്കപ്പെട്ടിട്ടില്ല. വഴങ്ങുന്ന ഒരു ലക്ഷണവും ചെെന കാണിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രകോപനകരമായ പലനീക്കങ്ങളും തുടർന്നുകൊണ്ടും ഇരിക്കുന്നു. കഴിഞ്ഞവർഷം മേയിൽ തുടങ്ങിയ സംഘർഷത്തിനു പിന്നാലെ ചൈനാവിരുദ്ധ മനോഭാവം സ്വഭാവികമായും ഇന്ത്യയിലുണ്ടായി. നിരവധി ഇന്ത്യക്കാർ ചൈനീസ് സാധനങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ചു. കേന്ദ്ര സർക്കാരാകട്ടെ സന്ദർഭത്തിനൊത്ത് ഉയർന്ന് നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചു. പബ്ജിയും ടിക്ക് ടോക്കും ഉൾപ്പെടെ നിരവധി ആപ്പുകൾ ഇന്ത്യക്കാരുടെ സ്മാർട്ട് ഫോണിൽ നിന്ന് അപ്രത്യക്ഷമായി. ഇന്ത്യക്കാരുടെ മനോഭാവം അങ്ങനെതന്നെ തുടരുകയാണ്. സർക്കാരിനും ജനങ്ങൾക്കും അന്ന് ഒരേ മനോഭാവമായിരുന്നു. ഇപ്പോൾ സർക്കാർ അതിൽനിന്ന് പിന്തിരിഞ്ഞു തുടങ്ങിയോ എന്ന് ഏതൊരു ഇന്ത്യക്കാരനെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ബഹിരാകാശവകുപ്പിന് കീഴിൽവരുന്ന ഐ.എസ്.ആർ.ഒ, ചൈനീസ് കമ്പനിയായ ഒപ്പോയുമായി ഒപ്പിട്ട ധാരണാപത്രം. മൊബെെൽ ഫോണിലും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ഗതിനിർണയ ആപ്പ് വികസിപ്പിക്കുന്നതിനാണ് ഇൗ ബിസിനസ് ബന്ധത്തിലേർപ്പെടുന്നത്. ഇതിന്റെ സോഫ്റ്റ് വെയർ ഒപ്പോ വികസിപ്പിക്കും. അതിനു വേണ്ടുന്ന സാറ്റലെെറ്റ് വിവരങ്ങൾ ഉൾപ്പെടെയുള്ളവ എെ.എസ്.ആർ.ഒ നല്‌കും. ഇൗ ആപ്പുപയോഗിച്ച് ഇന്ത്യയിലെവിടെയും യാത്രചെയ്യാം. പുറമെ ഇന്ത്യയുടെ അതിർത്തിക്കപ്പുറം 1500 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളും ഇതിന്റെ പരിധിയിൽ വരും. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ സ്ഥലങ്ങളുടെ കൃത്യമായ വിവരങ്ങൾ ചെെനീസ് കമ്പനിക്ക് കെെമാറേണ്ടിവരും. ഇത് ഇന്ത്യയുടെ ദേശീയസുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്ന് മനസിലാക്കാൻ വലിയ മിടുക്കൊന്നും ആവശ്യമില്ല. ഭാവിയിൽ ഇന്ത്യയുടെ സായുധ സേനാംഗങ്ങളും ഉപയോഗിക്കുന്നത് ഇതേ ആപ്പായിരിക്കും. ചെെനയിലെ എത്ര വലിയ കമ്പനിയായാലും ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടാൽ സകല ഡേറ്റകളും
നല്കിയേ പറ്റൂ എന്നത് പരസ്യമായ രഹസ്യമാണ്. ആ നിലയ്ക്ക് ഇൗ കരാർ ദേശീയസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. അതിനപ്പുറം ചൈനയോടുള്ള അനിഷ്ടത്തിൽ തന്നെ ഇന്ത്യയിലെ ജനങ്ങൾ തുടരവേ ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതിലൂടെ ഐ.എസ്.ആർ.ഒ എന്തുസന്ദേശമാണ് ഇവിടത്തെ സാധാരണക്കാർക്ക് നല്‌കുന്നത്. ഇതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. ഇതിനുള്ള ഉത്തരം ഐ.എസ്.ആർ.ഒ നല്‌കേണ്ടത് കരാർ റദ്ദാക്കിക്കൊണ്ടാവണമെന്ന് ഇന്ത്യക്കാർ പ്രതീക്ഷിച്ചാൽ അവരെ കുറ്റംപറയാനാകില്ല.