
കഴിഞ്ഞ വാരം അബുദാബിയിൽ നടന്ന ഫോർമുല വൺ കാറോട്ട സീസണിലെ അവസാന ഗ്രാൻപ്രീക്ക് തിരശീല വീണത് മാക്സ് വെഴ്സ്റ്റപ്പൻ എന്ന 24കാരന്റെ ലോക ചാമ്പ്യൻഷിപ്പ് കിരീടാരോഹണത്തോടെ യാണ്.  എട്ടാം കിരീടം നേടി ഇതിഹാസതാരം മൈക്കേൽ ഷൂമാക്കറുടെ റെക്കാഡ് തകർക്കാനിറങ്ങിയ ലെവിസ് ഹാമിൽട്ടൻ എന്ന അതികായന്റെ സ്വപ്നങ്ങൾ അവസാന ലാപ്പിൽ തകർത്താണ് റേസിംഗ് ലോകത്തിന്റെ പുതിയ 'കാർ'ണവരായി ഈ ഡച്ചുകാരൻ പയ്യൻ മാറിയത്. റെഡ് ബുൾ ടീമിന്റെ ഡ്രൈവറായ മാക്സ് വെഴ്സ്റ്റപ്പനും മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടന്റെയും മത്സരം ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരുന്നു. മത്സരത്തിന് ശേഷം അപ്പീലുകൾ നൽകിയ മെഴ്സഡസ് ടീം ഇന്നലെ അത് പിൻവലിച്ചതോടെയാണ് വെഴ്സ്റ്റപ്പന്റെ കിരീടധാരണം ഒൗദ്യോഗികമായത്.
369.5 പോയിന്റ് വീതമാണ് ഫൈനൽ റേസിന് മുമ്പ് ഇരുവർക്കുമുണ്ടായിരുന്നത്. പോൾ പൊസിഷൻ നേടി വേഴ്സ്റ്റപ്പൻ മത്സരത്തിൽ നിർണായക മുൻതൂക്കം നേടിയിരുന്നു. ഹാമിൽട്ടൻ ഗ്രിഡിൽ രണ്ടാമനായാണ് മത്സരം തുടങ്ങിയത്.നാടകീയതയ്ക്കൊടുവിൽ വെഴ്സ്റ്റപ്പൻ റേസിൽ ഒന്നാമതെത്തിയതോടെ ഹാമിൽട്ടന്റെ സ്വപ്നം പൊലിഞ്ഞു. അവസാനലാപ്പിലാണ് വെഴ്സ്റ്റപ്പൻ ഹാമിൽട്ടണെ മറികടന്ന് കിരീടം ഉറപ്പിച്ചത്.
2008-നുശേഷം ആദ്യമായിട്ടാണ് കിരീടപോരാട്ടം അവസാന ഗ്രാന്റ് പ്രീയിലേക്ക് നീളുന്നത്.
കഴിഞ്ഞ ഏഴു സീസണുകൾ നീണ്ട മെഴ്സിഡസിന്റെ കുത്തക അവസാനിപ്പിച്ചാണ് റെഡ്ബുൾ ഇത്തവണ കിരീടത്തിൽ മുത്തമിട്ടത്.
2013-ലാണ് അവസാനമായി റെഡ്ബുൾകിരീടം നേടിയത്.
ഫോർമുല വൺ റേസിംഗ് ലോക ചാമ്പ്യനാകുന്ന ആദ്യ ഡച്ചുകാരനാണ് വെഴ്സ്റ്റപ്പൻ.
ഈ സീസണിലെ 10 റേസുകളിൽ ജേതാവായത് വെഴ്സ്റ്റപ്പനാണ്.
ജൂലായിൽ 32 പോയിന്റ് ലീഡുമായി വെഴ്സ്റ്റപ്പന് ചാമ്പ്യൻഷിപ്പിൽ വ്യക്തമായ ലീഡുണ്ടായിരുന്നു . കഴിഞ്ഞ മൂന്നു ഗ്രാൻപ്രീകളിൽ ശക്തമായ തിരിച്ചുവരവിലൂടെയാണ് ഹാമിൽട്ടൺ ഫൈനൽ പോരാട്ടത്തിന് മുമ്പ് ഒപ്പമെത്തിയത്.
10
സീസണിൽ ആകെ ഉണ്ടായിരുന്ന 22 ഗ്രാൻപ്രീ റേസുകളിൽ 10 എണ്ണത്തിൽ  
വെഴ്സ്റ്റപ്പൻ കിരീടം നേടി.
8 റേസുകളിൽ ഹാമിൽട്ടൺ
ജേതാവായി.
1 സെർജിയോ പെരെസ്,വാൽട്ടേറി ബൊട്ടാസ്,എസ്റ്റബാൻ ഒകോൻ,ഡാനിയേൽ റിക്യാർഡോ എന്നിവർ ഓരോ റേസ് വീതം നേടി.
1974
1974ൽ മക്ലാരന്റെ എമേഴ്സൻ ഫിറ്റിപാൾഡിയും ഫെറാറിയുടെ ക്ലേ റെഗസോണിയും തമ്മിൽ നടന്ന കിരീടപ്പോരാട്ടത്തിലെ ടൈബ്രേക്കറിന്റെ ആവർത്തനമായിരുന്നു ഇത്തവണത്തെ ഹാമിൽട്ടൻ–വേർസ്റ്റപ്പൻ പോരാട്ടം. 52 പോയിന്റ് വീതം നേടിയാണ് അന്ന് ഫിറ്റിപാൾഡിയും റെഗസോണിയും അവസാന മത്സരത്തിനിറങ്ങിയത്. 3 പോയിന്റ് നേടി ആകെ 55 പോയിന്റുമായി ഫിറ്റിപാൾഡി ജേതാവായി.
വെഴ്സ്റ്റപ്പന്റെ കാർ :
ആർബി 16 
എൻജിൻ
 ഹോണ്ട വി6
പവർ
 1050 എച്ച്.പി
ടയർ
 പിറെലി
ഇന്ധനം
മൊബിൽ സിനർജി 
റേസ് ഫ്യുവൽ
2020 സീസൺ മുതലാണ് വെഴ്സ്റ്റപ്പൻ ആർബി 16 
ഉപയോഗിക്കുന്നത്